2012-ലെ ഹിറ്റ് ചിത്രമായ '22 ഫീമെയിൽ കോട്ടയ'ത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് ലഭിച്ച പ്രതിഫലം

ഇന്ന് ഇന്ത്യ മുഴുവനും അറിയപ്പെടുന്ന താരമാണ് ഫഹദ് ഫാസില്‍. പുഷ്പ എന്ന പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ തെലുങ്ക് ചിത്രമാണ് ഫഹദിനെ ഇന്ത്യയൊട്ടുക്കും പ്രിയങ്കരനാക്കിയത്. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പേട്രിയറ്റ് ആണ് ഫഹദിന്‍റെ അടുത്ത റിലീസ്. അതേസമയം അദ്ദേഹം ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത് ഒരു തെലുങ്ക് ചിത്രമാണ്. രാജമൗലി അവതരിപ്പിച്ച്, അദ്ദേഹത്തിന്‍റെ മകന്‍ കാര്‍ത്തികേയയും ബാഹുബലി നിര്‍മ്മാതാക്കളും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ പേര് ഡോണ്‍ട് ട്രബിള്‍ ദി ട്രബിള്‍ എന്നാണ്. പ്രശസ്ത സംവിധായകന്‍ ഇംതിയാസ് അലിയുടെ സംവിധാനത്തില്‍ ഫഹദിന്‍റെ ബോളിവുഡ് അരങ്ങേറ്റവും നടക്കാനിരിക്കുകയാണ്. താരമൂല്യത്തിലെ ഈ വളര്‍ച്ച അദ്ദേഹത്തിന്‍റെ പ്രതിഫലത്തിലും പ്രതിഫലിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

10 കോടി വരെയാണ് നിലവില്‍ അദ്ദേഹത്തിന്‍റെ മാര്‍ക്കറ്റ് നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുഷ്പ 2 ല്‍ ഫഹദ് വാങ്ങിയത് 8 കോടി ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കരിയറിന്‍റെ തുടക്ക കാലത്ത് അദ്ദേഹം വാങ്ങിയ പ്രതിഫലം എത്രയായിരിക്കും? ഇപ്പോഴിതാ ഫഹദ് രണ്ടാം വരവിന്‍റെ തുടക്ക സമയത്ത് അഭിനയിച്ച് ഹിറ്റ് ആയ ഒരു ചിത്രത്തിലെ അദ്ദേഹത്തിന്‍റെ പ്രതിഫലക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ്. ആഷിക് അബുവിന്‍റെ സംവിധാനത്തില്‍ റിമ കല്ലിങ്കലും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2012 ല്‍ പുറത്തെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലെ പ്രതിഫലമാണ് ഇത്. വ്യവസായി ഒ ജി സുനില്‍ ആണ് ഈ ചിത്രം നിര്‍മ്മിച്ചത്. തന്‍റെ യുട്യൂബ് ചാനലിലൂടെ ഈ ചിത്രവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവെക്കവെയാണ് സുനില്‍ ഫഹദിന് നല്‍കിയ പ്രതിഫലത്തെക്കുറിച്ചും പറയുന്നത്.

ഫഹദ് ഇന്ന് കോടികള്‍ ഒക്കെ മേടിക്കുന്നുണ്ടാവും. അന്ന് ഫഹദിന് ഞാന്‍ നാല് ലക്ഷം രൂപയാണ് കൊടുത്തത്. ഇന്ന് 40 കോടി മേടിക്കുന്നുണ്ടാവുമെന്ന് തോന്നുന്നു. എനിക്കറിയില്ല, എത്ര കോടി മേടിക്കുന്നുണ്ടെന്ന്, ഒ ജി സുനില്‍ പറയുന്നു. രണ്ടാം വരവില്‍ ഫഹദ് സോളോ ഹീറോ ആയി അഭിനയിച്ച ആദ്യ ചിത്രമായിരുന്നു 22 ഫീമെയില്‍ കോട്ടയം. തൊട്ടുമുന്‍പത്തെ വര്‍ഷം പുറത്തിറങ്ങിയ ചാപ്പ കുരിശില്‍ അഭിനയിച്ചതിന് ഫഹദിന് താന്‍ നല്‍കിയത് ഒരു ലക്ഷം രൂപ ആയിരുന്നെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News