ലൂസിഫറിന്റെ രണ്ടാംഭാഗമായ 'എമ്പുരാന്‍' മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്ന സിനിമയാണ്. ലൂസിഫറിന്റെ അഭൂതപൂര്‍വ്വമായ വിജയത്തിന് പിന്നാലെ പ്രോജക്ട് അനൗണ്‍സ് ചെയ്യപ്പെട്ടിരുന്നെങ്കിലും ഇതേക്കുറിച്ച് കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തെത്തിയിരുന്നില്ല. എമ്പുരാന്‍ എന്ന് ആരംഭിക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപിയോടാണ് ആദ്യം ചോദിക്കേണ്ടത് എന്നായിരുന്നു ഒരു അഭിമുഖത്തില്‍ പൃഥ്വിരാജിന്റെ പ്രതികരണം. എന്നാല്‍ ഇപ്പോഴിതാ മുരളി ഗോപി ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ്. കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇതേക്കുറിച്ച് പറയുന്നത്.

എമ്പുരാന് മുന്‍പ് ഞാനൊരു പ്രോജക്ട് ചെയ്യുന്നുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത്, ഞാനെഴുതുന്ന ഒരു പ്രോജക്ട്. പൃഥ്വിരാജ് ആണ് അതില്‍ അഭിനയിക്കുന്നത്. അതിനുമുന്‍പ് ലാലേട്ടനും ഒരു പ്രോജക്ട് ഉണ്ട്. ബറോസ് എന്ന, ലാലേട്ടന്‍ സംവിധാനം ചെയ്യുന്ന ഒരു ചിത്രം. ഇത് രണ്ടും കഴിഞ്ഞിട്ടായിരിക്കും ലൂസിഫറിന്റെ പണികള്‍ തുടങ്ങുക. 2021 അവസാനത്തോടെ ചിത്രീകരണം തുടങ്ങും, മുരളി ഗോപി പറഞ്ഞു.

മുരളി ഗോപി എന്ന് തിരക്കഥ കൈമാറുന്നുവോ, ആ തീയ്യതിയില്‍നിന്ന് ആറാം മാസം താന്‍ ചിത്രീകരണം ആരംഭിക്കുമെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. 'സിനിമയുടെ പ്ലോട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി കൃത്യമായ ധാരണ എനിക്കും മുരളിക്കുമുണ്ട്. ലൂസിഫറിനേക്കാള്‍ കുറേക്കൂടി പരിശ്രമം വേണ്ട സിനിമയാണ് എമ്പുരാന്‍', പൃഥ്വിരാജ് പറഞ്ഞിരുന്നു.