ഷിയാസ് കരിം, അനുമോളോട് ബീഫ് കഴിക്കാത്തതിനെക്കുറിച്ച് തമാശയായി ചോദിച്ചത് വിവാദമായിരുന്നു

ബിഗ് ബോസ് വിജയി അനുമോളോട് മറ്റൊരു ബിഗ് ബോസ് മുന്‍ താരവും സുഹൃത്തുമായ ഷിയാസ് കരിം ബീഫ് കഴിക്കാത്തത് ബിജെപി ആയതുകൊണ്ടാണോ എന്ന് ചോദിച്ച വീഡിയോ വൈറല്‍ ആയിരുന്നു. ഇരുവരും പങ്കെടുത്ത ഒരു പരിപാടിയിലെ വിരുന്നിനിടെയാണ് ഷിയാസ് അനുമോളോട് ബീഫ് കഴിക്കുന്നില്ലേയെന്ന് ചോദിച്ചത്. വേണ്ടെന്ന് പറഞ്ഞപ്പോള്‍ നീ എന്താ ബിജെപിയില്‍ ചേര്‍ന്നോ എന്നായിരുന്നു ഷിയാസിന്‍റെ തമാശയോടെയുള്ള പ്രതികരണം. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായത് മറ്റൊരു രീതിയില്‍ ആയിരുന്നു. ഒരു ഹിന്ദു സ്ത്രീയെ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന എന്ന കുറിപ്പോടെ ഉത്തരേന്ത്യന്‍ പേജുകളിലടക്കം ഇത് പ്രചരിച്ചു. ഇതില്‍ പ്രതികരണവുമായി ഷിയാസ് രംഗത്തെത്തിയിരുന്നു. എന്നാല്‍ പ്രചരണം വീണ്ടും തുടര്‍ന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ ഒരിക്കല്‍ക്കൂടി പ്രതികരിച്ചിരിക്കുകയാണ് ഷിയാസ് കരിം.

Add Asianetnews as a Preferred SourcegooglePreferred

“രണ്ട് ദിവസമായിട്ട് ഞാനൊന്ന് ബഹിരാകാശത്ത് പോയി. എന്നെ എല്ലാവരും കൂടി പാന്‍ ഇന്ത്യന്‍ ബീഫ് സ്റ്റാര്‍ ഷിയാസ് കരിം ആക്കി. എനിക്കൊരു കാര്യം പറയാനുണ്ട്. മെയിന്‍ കാര്യം എന്ന് പറഞ്ഞാല്‍ ബീഫ് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചത് പശു ഇറച്ചി അല്ല കേട്ടോ. എന്‍റെ വീട്ടിലൊക്കെ പശുവിനെ വളര്‍ത്തി പാല് കുടിച്ച്, അങ്ങനെയൊക്കെ ജീവിച്ച ആള്‍ക്കാരാണ്. അത് ആദ്യം മനസിലാക്കുക. ബീഫ് അന്ന് പറഞ്ഞാല്‍ പോത്തിറച്ചിയാണ്. അത് ഞാന്‍ കഴിക്കുമെന്നാണ് പറഞ്ഞത്. ഞാന്‍ എന്‍റെ സിസ്റ്ററിനെപ്പോലെ കരുതുന്ന ഒരു സുഹൃത്തിനോട് പറഞ്ഞ തമാശ വളച്ചൊടിച്ച് വേറൊരു രീതിയിലേക്ക് ആക്കാന്‍ പാടില്ല”, ഷിയാസ് കരിം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. ബീഫ് കഴിക്കുമോ എന്ന ചോദ്യത്തിന് പോത്തിറച്ചി താന്‍ കഴിക്കുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറയുന്ന വീഡിയോയും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട് ഷിയാസ് കരിം. ബി ഗോപാലകൃഷ്ണനെ താന്‍ ബഹുമാനിക്കുന്നുവെന്നും പങ്കുവച്ച വീഡിയോയ്ക്കൊപ്പം ഷിയാസ് കുറിച്ചിട്ടുണ്ട്.

View post on Instagram

വിഷയത്തില്‍ ഷിയാസിന്‍റെ ആദ്യ പ്രതികരണം ഇങ്ങനെ ആയിരുന്നു- “ഒരു കാര്യമേ പറയാനുള്ളൂ. ബീഫിന്‍റെ പ്രശ്നം ഉണ്ടാക്കിയത് ആരാന്ന് അറിയോ? ഇവിടെയുള്ള ബിജെപിക്കാരാണ്. അനുമോളോട് ഞാന്‍ ബീഫ് കഴിക്കാന്‍ പറഞ്ഞു. അവള്‍ പറഞ്ഞത് ചേട്ടാ.. ഞാന്‍ ഡയറ്റാണെന്നാണ്. നീ ബിജെപിയില്‍ ചേര്‍ന്നോ എന്ന് ഞാന്‍ മനഃപൂര്‍വ്വം ചോദിച്ചതാണ്. ഈ ഒരു ടോക്ക് ഉണ്ടാകാന്‍ കാരണം ബിജെപിക്കാരാണ്. ഞങ്ങള്‍ കൂട്ടുകാരന്മാര്‍ക്കിടയില്‍ ചോദിക്കുന്നൊരു ടോക്കാണിത്. അത് ചോദിക്കാറില്ലേന്ന് നിങ്ങള്‍ മനസ് കൊണ്ട് ചോദിച്ച് നോക്ക്. ചോദിക്കാറുണ്ടാകും. അത് ഫണ്‍ ആണ്. അതെടുത്ത് മീഡിയക്കാരിട്ടതില്‍ എനിക്ക് ഒരു വിഷയവും ഇല്ല. ഒരു ഇന്ത്യക്കാരനായതില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്നെ സുടാപ്പിയാക്കിയാലും എന്താക്കിയാലും കുഴപ്പമില്ല. അനുമോള്‍ എന്‍റെ സഹോദരിയാണ്. ഞങ്ങള്‍ക്ക് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലിം എന്നൊന്നും ഇല്ല. ഒത്തൊരുമയുണ്ട്. എന്ത് വര്‍ഗീയത ഉണ്ടാക്കിയാലും നടക്കില്ല”, ഷിയാസ് പറഞ്ഞിരുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News