കൊറോണ വൈറസ് കാരണം ലോകമെമ്പാടും ചലച്ചിത്ര വ്യവസായം ഭീമമായ നഷ്ടം നേരിടുകയാണ്. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ റിലീസ് നിശ്ചയിച്ചിരുന്ന സിനിമകളൊക്കെ അനിശ്ചിതമായി നീട്ടിവച്ചിരിക്കുന്നു. എല്ലാ ഭാഷാ സിനിമകളിലും ഇതാണ് അവസ്ഥയെന്നിരിക്കെ മലയാളത്തില്‍ റിലീസ് നീട്ടിവെക്കപ്പെട്ടവയില്‍ ക്യാന്‍വാസിന്‍റെ വലുപ്പത്തില്‍ ഒന്നാമത് നില്‍ക്കുന്നത് മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം ആണ്. പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാരാവുന്ന ചിത്രം. മാര്‍ച്ച് 26ന് മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ റിലീസ് ചെയ്യേണ്ട ചിത്രമായിരുന്നു ഇത്. ചിത്രത്തിന്‍റെ റിലീസ് ഇനി എപ്പോഴാണെന്ന ചര്‍ച്ചകളെക്കുറിച്ച് പ്രതികരിക്കുകയാണ് പ്രിയദര്‍ശന്‍.

"ചിത്രത്തിന്‍റെ ഓവര്‍സീസ് റൈറ്റ്സ് റെക്കോര്‍ഡ് തുകയ്ക്ക് നേരത്തെ വിറ്റുപോയതാണ്. പക്ഷേ ആഗോള തലത്തില്‍ തീയേറ്ററുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങി, പ്രേക്ഷകര്‍ എത്തിത്തുടങ്ങിയാലേ റിലീസ് നടക്കൂ. അല്ലാത്തപക്ഷം റൈറ്റ്സ് വാങ്ങിയവര്‍ക്ക് അവരുടെ പണം പലിശ സഹിതം തിരിച്ചുകൊടുക്കേണ്ടിവരും. നിലവില്‍ ഞങ്ങള്‍ കാത്തിരിക്കാന്‍ തയ്യാറാണ്", പ്രിയദര്‍ശന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തില്‍ സിനിമകളുടെ ഒടിടി റിലീസ് ചര്‍ച്ചയാവുമ്പോള്‍ മരക്കാര്‍ പോലൊരു ബിഗ് ബജറ്റ് സിനിമയെ സംബന്ധിച്ച് അത് അസാധ്യമാണെന്നും പ്രിയദര്‍ശന്‍ കട്ടിച്ചേര്‍ക്കുന്നു. 100 കോടിയാണ് മരക്കാരുടെ ബജറ്റ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മ്മാണം. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.