ഏറ്റവും പുതിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ആണ് തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് എന്നതാണ് കൗതുകകരം
പ്രധാന ഫെസ്റ്റിവല്‍ സീസണുകളില്‍ ഒന്നിലധികം പ്രധാന ചിത്രങ്ങള്‍ ഒരുമിച്ച് തിയറ്ററുകളിലെത്തുന്നത് സ്വാഭാവികമാണ്, അത് ഏത് ഭാഷയിലാണെങ്കിലും. തമിഴിനെ സംബന്ധിച്ചും അത് അങ്ങനെതന്നെ. ഇപ്പോഴിതാ 1991 ലെ ദീപാവലിക്ക് ഒരുമിച്ചെത്തിയ രണ്ട് തമിഴ് ചിത്രങ്ങളുടെ ജയപരാജങ്ങളും പ്രേക്ഷക സ്വീകാര്യതയും വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. കമല്‍ ഹാസനെ നായകനാക്കി സന്താനഭാരതി സംവിധാനം ചെയ്ത ഗുണ, രജനികാന്ത്, മമ്മൂട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മണി രത്നം രചനയും സംവിധാനവും നിര്‍വ്വഹിച്ച ദളപതി എന്നീ ചിത്രങ്ങളാണ് ചര്‍ച്ചകളില്‍ നിറയുന്നത്.
ഏറ്റവും പുതിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയ്സ് ആണ് തമിഴ് സിനിമാപ്രേമികള്‍ക്കിടയില്‍ ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് എന്നതാണ് കൗതുകകരം. ഗുണ എന്ന സിനിമയുടെ ചിത്രീകരണശേഷം ഗുണ കേവ് എന്ന് പേര് കിട്ടിയ കൊടൈക്കനാലിലെ ഗുഹ പ്രധാന കഥാപരിസരമായി വരുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ചിത്രത്തിലെ അന്‍പോട് കണ്‍മണി എന്ന ഗാനവും മഞ്ഞുമ്മല്‍ ബോയ്സില്‍ പ്രാധാന്യത്തോടെ ഉപയോഗിച്ചിട്ടുണ്ട്. കമല്‍ ഹാസനുള്ള ഒരു ആദരം എന്ന നിലയ്ക്കാണ് ഈ ഘടകങ്ങളെ ഭൂരിഭാഗം തമിഴ് സിനിമാപ്രേമികളും വീക്ഷിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സ് ടീം കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി കമലിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. മഞ്ഞുമ്മല്‍ ബോയ്സിനൊപ്പം ഗുണ എന്ന ചിത്രവും ചര്‍ച്ചകളില്‍ നിറയാന്‍ തുടങ്ങിയതോടെയാണ് റിലീസ് സമയത്തെ ചിത്രത്തിന്‍റെ സ്വീകാര്യത സംബന്ധിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വരാന്‍ തുടങ്ങിയത്.
ഗുണയും ദളപതിയും ഒരേ ദിവസമാണ് തിയറ്ററുകളില്‍ എത്തിയത്. 1991 നവംബര്‍ 5 ന്. പതിവുപോലെ കമല്‍ ഹാസന്‍ വേറിട്ട കഥയും കഥാപാത്രവുമായാണ് എത്തിയതെങ്കില്‍ അപ്പുറത്ത് മണി രത്നം എന്ന ബ്രാന്‍ഡ്, രജനികാന്തിനൊപ്പം മമ്മൂട്ടിയുടെ സാന്നിധ്യവും. ആവറേജ് അക്കുപ്പന്‍സിയില്‍ ഗുണ കളിക്കുമ്പോള്‍ ദളപതിക്ക് ആദ്യ ദിനങ്ങളില്‍ ടിക്കറ്റ് ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് പ്രേക്ഷകരില്‍ പലരും പറയുന്നു. കുട്ടിക്കാലത്ത് ഈ രണ്ട് ചിത്രങ്ങളും കളിക്കുന്ന തിയറ്റര്‍ കോംപ്ലക്സില്‍ മുതിര്‍ന്നവര്‍ക്കൊപ്പം പോയ അനുഭവം നടന്‍ ആര്‍ജെ ബാലാജി പങ്കുവെക്കുന്ന വീഡിയോയും പുതിയ പശ്ചാത്തലത്തില്‍ വൈറല്‍ ആയിട്ടുണ്ട്. ദളപതിയുടെ നീണ്ട ക്യൂവില്‍ നിന്ന് ടിക്കറ്റ് ലഭിക്കില്ലെന്ന് മനസിലായപ്പോള്‍ തങ്ങള്‍ എടുത്ത തീരുമാനത്തെക്കുറിച്ചാണ് അത്. ഗുണയുടെ ടിക്കറ്റ് എടുത്ത് കയറിയിട്ട് പടം മുക്കാല്‍ ഭാഗം ആവുമ്പോള്‍ ദളപതിയുടെ അടുത്ത ഷോയ്ക്ക് ഉള്ള ക്യൂവില്‍ നില്‍ക്കുകയായിരുന്നു തങ്ങളെന്നാണ് അദ്ദേഹം ഒരു മുന്‍ അഭിമുഖത്തില്‍ പറയുന്നത്.
അതേസമയം കുട്ടിക്കാലത്ത് ദളപതിയുടെ ആരാധകരായിരുന്ന തങ്ങള്‍ക്ക് മുതിര്‍ന്നപ്പോള്‍ ഗുണയാണ് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്ന് പറയുന്നവരുമുണ്ട്. റിലീസ് സമയത്ത് തെന്നിന്ത്യയിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ദളപതി. 3 കോടി ആയിരുന്നു ബജറ്റ്. മികച്ച സാമ്പത്തിക വിജയമാണ് ചിത്രം നേടിയത്. റിലീസ് സമയത്ത് ആവറേജ് വിജയമായിരുന്നെങ്കിലും ഗുണ പില്‍ക്കാലത്ത് സിനിമാപ്രേമികളുടെ വലിയ ശ്രദ്ധ നേടിയ ചിത്രമാണ്.
