ഹേമ കമ്മിറ്റിയിലെ കുറ്റാരോപിതരെ അമ്മ സംഘടനയുടെ തലപ്പത്ത് നിന്ന് മാറ്റിനിർത്താൻ പോരാടുന്നുവെന്ന ശ്വേത മേനോന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മാലാ പാർവതി

താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട് തുടരുന്ന തര്‍ക്കങ്ങളില്‍ ശ്വേത മേനോന് മറുപടിയുമായി മാലാ പാര്‍വതി. തന്‍റെ ഭാഗം പറഞ്ഞുകൊണ്ട് ശ്വേത മേനോന്‍ ഇന്ന് പുലര്‍ച്ചെ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു. അതിനോടുള്ള പ്രതികരണമാണ് സോഷ്യല്‍ മീഡിയയിലൂടെത്തന്നെ മാലാ പാര്‍വതി നടത്തിയിരിക്കുന്നത്. ഹേമ കമ്മിറ്റിയിലെ കുറ്റാരോപിതര്‍ സംഘടനയിലെ ചിലരെ മുന്നില്‍ നിര്‍ത്തി തന്നെ വ്യക്തിപരമായി അപമാനിക്കാനും യഥാര്‍ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും ശ്രമിക്കുകയാണെന്ന് ശ്വേത മേനോന്‍ ആരോപിച്ചിരുന്നു. ഈ കുറ്റാരോപിതര്‍ ആരെന്ന് വ്യക്തമാക്കണമെന്നാണ് മാലാ പാര്‍വതി ആവശ്യപ്പെടുന്നത്.

മാലാ പാര്‍വതിയുടെ കുറിപ്പ്

ശ്രീമതി ശ്വേത മേനോൻ അമ്മ സംഘടനയെ രക്ഷിക്കുകയാണ്, രക്ഷിച്ചുകൊണ്ടിരിക്കുകയാണ്, രക്ഷിച്ചിരിക്കും— എന്ന അവകാശവാദമുള്ള കുറിപ്പ് വായിച്ചു. അതിൽ പറയുന്നത്, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ള കുറ്റാരോപിതർ അമ്മയുടെ തലപ്പത്തേക്ക് വരാതിരിക്കാൻ അവർ ശക്തമായി പോരാടുകയാണെന്നാണ്. നല്ല കാര്യം തന്നെ. എന്നാൽ എന്റെ സംശയം മറ്റൊന്നാണ്. അമ്മയുടെ 'പ്രസിഡന്റായ' ശ്വേത മേനോൻ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടതും അതേസമയം അമ്മ സംഘടനയിലെ തലപ്പത്ത് വരാൻ ശ്രമിക്കുന്നതുമായ ആ "കുറ്റാരോപിതർ" ആരൊക്കെയാണ്? എന്റെ അറിവിൽ പൊതുവായി ചർച്ച ചെയ്യപ്പെടുന്ന സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർക്കെതിരായ ആരോപണങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കപ്പെട്ടവയല്ല. മാത്രമല്ല, അവർ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ജനറൽ ബോഡി നിയോഗിച്ച സമിതിയിലും അവർ അംഗങ്ങളല്ല. അപ്പോൾ ശ്വേത മേനോൻ പരാമർശിക്കുന്നവർ ആരാണ്? അങ്ങനെയൊരു പ്രസ്താവന നടത്തിയ സാഹചര്യത്തിൽ, അത് പൊതുസമൂഹത്തോടും സംഘടനാംഗങ്ങളോടും വ്യക്തമായി വിശദീകരിക്കാനുള്ള ഉത്തരവാദിത്വം അമ്മയുടെ പ്രസിഡന്റിനുണ്ട്. പേരുകൾ വ്യക്തമാക്കണം. അല്ലെങ്കിൽ ഇത്തരം പ്രസ്താവനകൾ അനാവശ്യ സംശയങ്ങളും തെറ്റിദ്ധാരണകളും മാത്രമേ സൃഷ്ടിക്കൂ, മാലാ പാര്‍വതി കുറിച്ചു.