Asianet News MalayalamAsianet News Malayalam

എം ടി 1.25 കോടി മടക്കി നല്‍കും, ഇനി ആരാകും ഭീമൻ?

ഭീമൻ, എപ്പോഴും, എന്നോടൊപ്പം എന്നു മോഹൻലാലും ഭീമന് അന്ന് എന്റെ സ്വരമായിരുന്നുവെന്ന് മമ്മൂട്ടിയും പറഞ്ഞിരുന്നു.

Who is the Bheeman in Malayalam film
Author
Kochi, First Published Sep 18, 2020, 6:44 PM IST

മലയാളികള്‍ മാത്രമല്ല രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ ആഗ്രഹിച്ചതായിരിക്കും ഭീമൻ കേന്ദ്രകഥാപാത്രമായി വരുന്ന സിനിമ. നേരത്തെ പ്രഖ്യാപിച്ച മഹാഭാരതം
സിനിമയുമായി ബന്ധപ്പെട്ട തര്‍ക്കം ഒത്തുതീര്‍പ്പില്‍ എത്തിയതോടെ ഇനി എന്നായിരിക്കും അത്തരമൊരു സിനിമ സംഭവിക്കുകയെന്ന ചോദ്യം ബാക്കി.

ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം ടി എഴുതിയ രണ്ടാമൂഴം എന്ന നോവലിനെ ആസ്‍പദമാക്കിയായിരുന്നു പലരും മലയാളത്തില്‍ മഹാഭാരതത്തെ കുറിച്ച് സിനിമ
ചര്‍ച്ച ചെയ്‍തത്. ഇതിഹാസ ചരിത്ര സിനിമകള്‍ വിജയിപ്പിച്ച ഹരിഹരൻ സിനിമ ചെയ്യും എന്ന് തുടക്കത്തില്‍ വാര്‍ത്തകള്‍ വന്നു. മോഹൻലാലിനെ ഭീമന്റെ വേഷത്തില്‍ ആരാധകര്‍ കണ്ടു. ഒടുവില്‍ വൻ ബജറ്റില്‍ രണ്ടാമൂഴം സിനിമയാക്കുന്നുവെന്ന് ശ്രീകുമാര്‍ മേനോൻ പ്രഖ്യാപിച്ചു. മോഹൻലാല്‍ നായകനാകുന്ന സിനിമയ്‍ക്കായി ആരാധകര്‍ കാത്തിരിപ്പ് തുടങ്ങി. ഇപ്പോള്‍ ആ പ്രഖ്യാപനം ഇനി നടക്കില്ലെന്നും വ്യക്തമായി.

സിനിമ തീരുമാനിച്ചതിലും വൈകുന്നുവെന്നും സംവിധായകൻ വ്യക്തമായ ഉത്തരം നല്‍കുന്നില്ലെന്നും മനസിലായതോടെയാണ് തിരക്കഥാകൃത്ത് എം ടി
വാസുദേവൻ നായരും ശ്രീകുമാര്‍ മേനോനും തമ്മില്‍ തര്‍ക്കം തുടങ്ങിയത്. സിനിമയില്‍ നിന്ന് പിൻമാറുന്നുവെന്ന് എം ടി വാസുദേവൻ നായര്‍ പ്രഖ്യാപിച്ചു. എന്നാല്‍
താൻ തന്നെ സിനിമ സംവിധാനം ചെയ്യുമെന്ന് ശ്രീകുമാര്‍ മേനോൻ പ്രഖ്യാപിച്ചതോടെ തര്‍ക്കം രൂക്ഷമായി. കേസ് കോടതിയിലുമെത്തി.

രണ്ടാമൂഴം നോവല്‍ സിനിമയാക്കുന്നതുമായി ബന്ധപ്പെട്ട കേസ് ഇന്നാണ് ഒത്തുതീര്‍പ്പായത്. കഥയ്‍ക്കും തിരക്കഥയ്‍ക്കും പൂര്‍ണ അവകാശം എം ടി വാസുദേവൻ
നായര്‍ക്കായിരിക്കും. ശ്രീകുമാര്‍ മേനോൻ രണ്ടാമൂഴും ആസ്‍പദമാക്കി സിനിമ ചെയ്യാൻ പാടില്ല. മഹാഭാരതത്തെ ആസ്‍പദമാക്കി സിനിമ ചെയ്യാമെങ്കിലും ഭീമൻ
കേന്ദ്രകഥാപാത്രമാകില്ല. ശ്രീകുമാര്‍ മേനോന് എം ടി അഡ്വാൻസ് പണമായ 1.25 കോടി രൂപ മടക്കി നല്‍കും എന്നുമാണ് ധാരണയായത്. 

എം ടി വാസുദേവൻ നായരും ശ്രീകുമാര്‍ മേനോനും ജില്ലാ കോടതിയിലും സുപ്രീംകോടതിയിലും ഉള്ള കേസുകള്‍ പിൻവലിക്കാനും ധാരണയായി. അപ്പോഴാണ്
ആരാധകരുടെ മനസില്‍, ചോദ്യം ബാക്കിയാകുക. ആരാകും വെള്ളിത്തിരയിലെ ഭീമൻ?, ആരാകും സംവിധായകൻ? 

‘ഭീമൻ, എപ്പോഴും, എന്നോടൊപ്പം’എന്ന പേരില്‍ ഒരിക്കല്‍ മോഹൻലാല്‍ ഒരു ബ്ലോഗ് തന്നെ എഴുതിയിരുന്നു. ഭീമനായി എന്റെ പേര് പറഞ്ഞത് മറ്റാരുമല്ല എം ടി സാർ
തന്നെ. അതിൽ ഒരു നടനെന്ന നിലയിൽ ഞാൻ ധന്യനാണ്. അതിലുപരി അദ്ദേഹത്തോട് നന്ദിയുള്ളവനും. ഇന്ന് ഭീമനാകാനുള്ള തയ്യാറെടുപ്പകൾക്ക് മുന്നിൽ
നിന്നുകൊണ്ട് ആലോചിക്കുമ്പോൾ എനിക്ക് അൽപം അത്ഭുതം തോന്നുന്നുണ്ട്. കാരണം ഭീമൻ എന്ന കഥാപാത്രം ജീവിതത്തിന്റെ വലിയൊരു കാലത്തോളം എന്നെ
പിന്‍തുടർന്ന് കൊണ്ടേയിരിക്കുന്നു. പലപ്പോഴും ഞാൻ അറിയാതെ തന്നെ രണ്ടാമൂഴത്തിലെ ഭീമനേക്കാൾ മുൻപേ ഞാന്‍ എംടി സാറിന്റെ ഭീമനായി 1985ൽ ഇറങ്ങിയ
രംഗം എന്ന സിനിമയിലൂടെ. വർഷങ്ങൾക്ക് മുമ്പ് രണ്ടാമൂഴം പുസ്‍തകമായി ഇറങ്ങിയതിന് ശേഷം ഒരു ശിൽപി എന്റെയടുക്കൽ വന്നു. രണ്ടാമൂഴത്തിലെ ഒരു രംഗം
(ഭീമനും ഹിഡുംബിയും) അദ്ദേഹം മരത്തിൽ കൊത്തിയിരുന്നു. അന്ന് അത് എനിക്ക് തരുമ്പോൾ അദ്ദേഹം ആശംസിച്ചു, എന്നെങ്കിലും രണ്ടാമൂഴം
സിനിമായാകുകയാണെങ്കിൽ ഭീമനാകാൻ സാധിക്കട്ടെ. അപ്പോൾ പുസ്‍തകത്തിന്റെ ചലച്ചിത്രരൂപത്തേക്കുറിച്ച് ആരും ആലോചിച്ചിട്ടില്ല. 1999ൽ വാനപ്രസ്ഥത്തിൽ
ഭീമനാകാൻ കഴിഞ്ഞു. അത് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം 2003ൽ മലയാളമനോരമയ്ക്ക് വേണ്ടി കഥയാട്ടം എന്ന പരിപാടി ചെയ്തു. മലയാള സാഹിത്യത്തിലെ വലിയ കഥാപാത്രങ്ങളുടെ രംഗാവിഷ്‍കരമായിരുന്നു അത്. അതിലും ഭീമൻ ഉണ്ടായിരുന്നു. (രണ്ടാമൂഴത്തിലെ) അപ്പോഴും സിനിമ ചർച്ചയിലേ ഇല്ലായിരുന്നു. അതും കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഞാനും മുകേഷും ചേർന്ന് ‘ഛായാമുഖി’ എന്ന നാടകം ചെയ്‍ത. അതിൽ എന്റെ കഥാപാത്രം ഭീമനായിരുന്നു. ഇപ്പോള്‍ പൂർണമായി ഭീമനാകാൻ ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു. എംടി സാറിന്റെ പ്രിയപ്പെട്ട വാക്കുതന്നെ കടമെടുക്കട്ടെ ‘സുകൃതം.’ എന്നായിരുന്നു മോഹൻലാല്‍ ബ്ലോഗില്‍ എഴുതിയത്.

രണ്ടാമൂഴം സിനിമയാകുന്നുവെന്ന വാര്‍ത്തകള്‍ വരുമ്പോഴൊക്കെ സംവിധായകനായി ഹരിഹരന്റെ പേരായിരുന്നു പറഞ്ഞുകേട്ടിരുന്നത്. ഇനിയിപ്പോള്‍ രണ്ടാമൂഴം
ഹരിഹരന്റെ സംവിധാനത്തില്‍ കാണാനാകുമോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഭീമൻ ആകാനുള്ള ആഗ്രഹം പലപ്പോഴും മമ്മൂട്ടിയും തന്റെ വാക്കുകകളില്‍
സൂചിപ്പിച്ചിരുന്നു. വെള്ളിത്തിരയിലെ ഭീമന്റെ രൂപം മമ്മൂട്ടിയുടേതാകുമോയെന്നതും കണ്ടറിയേണ്ടതുണ്ട്. അതോ ഹരിഹരന്റെ സംവിധാനത്തില്‍ മോഹൻലാല്‍
തന്നെയോ ഭീമനാകുക? മറ്റാരെങ്കിലുമോ? എം ടി വാസുദേവൻ നായരുടെ തിരക്കഥയില്‍ ഒരു സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പ്രിയദര്‍ശനും
വെളിപ്പെടുത്തിയിരുന്നു. ഇനി രണ്ടാമൂഴത്തിലെ ഭീമൻ പ്രിയദര്‍ശനിലൂടെയാകുമോ വെള്ളിത്തിരയിലെത്തുക.

എം ടി വാസുദേവന്‍ നായരുടെ കഥാപാത്രങ്ങളായി വെള്ളിത്തിരിയില്‍ തകര്‍ത്താടിയ നടനാണ് മമ്മൂട്ടി. എം ടി വാസുദേവന്‍ നായരോടുള്ള ഗുരുതുല്യമായ ബന്ധത്തെ കുറിച്ച് മമ്മൂട്ടി തുറന്നുപറഞ്ഞപ്പോള്‍ ഭീമനെ കുറിച്ചും സൂചിപ്പിച്ചിരുന്നു.  ഏഷ്യാനെറ്റ് ന്യൂസിന്റെ വാക്കുപൂക്കം കാലം പ്രോഗ്രാമിലായിരുന്നു മമ്മൂട്ടി ഇക്കാര്യം പറഞ്ഞത്. ഭീമന് തന്റെ സ്വരമായിരുന്നോ എന്ന് ചോദിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്.

എന്നോട് പ്രത്യേക അടുപ്പവും സ്നേഹവും ഉണ്ടായ കഥാകാരനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളായ നടനാണോ ഞാനെന്ന വ്യക്തിയാണോ അദ്ദേഹത്തെ
സ്വാധീനിച്ചത് എന്നറിയില്ല. പല അവസരങ്ങളിലും  എന്നെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹം വാചാലനാകാറുണ്ടായിരുന്നു. ഒരിക്കല്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്.
കഥയെഴുതുമ്പോള്‍, തിരക്കഥ എഴുതുമ്പോള്‍ സംഭാഷണങ്ങള്‍ മമ്മൂട്ടിയുടെ ശബ്‍ദത്തില്‍ എന്റെ ചെവിയില്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്ന്. അതൊക്കെ നടനെന്ന
നിലയില്‍ എനിക്ക് വലിയ അഭിമാനം തോന്നുന്ന കാര്യങ്ങളാണ്. എംടിയെ പോലെ ലബ്‍ധപ്രതിഷ്‍ഠനായ ഒരു സാഹിത്യകാരന്, എന്നെപ്പോലെ ഒരു സാധാരണക്കാരനായ സിനിമാ നടന്റെ ശബ്‍ദത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നുവെന്ന് തോന്നുന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ നേട്ടം തന്നെയാണ്. ഒരിക്കല്‍ ഞാന്‍ ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ ചോദിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ ചോദിച്ചില്ല. ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്പോള്‍ എന്ന്.  അങ്ങനെ ചോദിക്കാന്‍ ഒരു അവസരം കിട്ടിയിട്ടില്ല. പക്ഷേ ഭീമം എന്ന് പറഞ്ഞിട്ട് പുസ്‍തകത്തിന്റെ ദൃശ്യാവിഷ്‍കാരം ഉണ്ടായിരുന്നപ്പോള്‍ ഭീമനായിട്ട് ഞാനാണ് രംഗത്ത് വന്നത്. പൂര്‍ണ്ണമായിട്ട് നാടകമായിട്ടോ പൂര്‍ണ്ണമായിട്ട് കഥാവിഷ്‍കാരമോ ആയിരുന്നില്ല. ഭീമന്റെ മാനസികവ്യാപാരങ്ങളെ കുറിച്ച് 50 മിനുട്ടുള്ള ഒരു ദൃശ്യാവിഷ്‍കാരമായിരുന്നു. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു. അന്ന്  സ്റ്റേജില്‍ ഇതിനെപ്പറ്റിയൊക്കെ സംസാരിച്ചതിനു ശേഷം അദ്ദേഹം ഇറങ്ങിപ്പോകുമ്പോള്‍ എന്റെ തലയില്‍ കൈവച്ച് പറഞ്ഞു- വിജയിച്ചുവരിക. ഞാനിപ്പോഴും അതിനാണ് ശ്രമിക്കുന്നത് എന്ന് മമ്മൂട്ടി പറഞ്ഞിരുന്നത്.

മോഹൻലാലോ മമ്മൂട്ടിയോ ആരായാലും എം ടി വാസുദേവൻ നായരുടെ ഭീമനെ വെള്ളിത്തിരയില്‍ കാണാൻ മലയാളികള്‍ കൊതിക്കുന്നുണ്ടെന്നത് തീര്‍ച്ച.

Follow Us:
Download App:
  • android
  • ios