നയതന്ത്രജ്ഞന്‍ ജെ പി സിംഗിന്‍റെ ഔദ്യോഗിക ജീവിതത്തിലെ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കുന്ന ചിത്രമാണ് ദി ഡിപ്ലോമാറ്റ്

ഹോളിവുഡ് കഴിഞ്ഞാല്‍ ലോകത്തെ തന്നെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായമാണ് ബോളിവുഡ്. എന്നാല്‍ സമീപ വര്‍ഷങ്ങളില്‍ ഹിന്ദി സിനിമകളുടെ കാര്യം അത്ര ശുഭകരമല്ല. സൂപ്പര്‍ താരങ്ങളുടെ ബി​ഗ് ബജറ്റ് ചിത്രങ്ങള്‍ പോലും തിയറ്ററില്‍ അടിമുടി തകരുന്നു. അതേസമയം പ്രതീക്ഷകളുടെ അമിതഭാരം ഇല്ലാതെയെത്തുന്ന ചില ചിത്രങ്ങള്‍ വിജയിക്കുന്നുമുണ്ട്. എന്നാല്‍ ഒരു വ്യവസായമെന്ന നിലയില്‍ ബോളിവുഡ‍ിന് പഴയ പകിട്ട് ഇല്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. തെന്നിന്ത്യന്‍ ചലച്ചിത്ര വ്യവസായങ്ങള്‍ താരതമ്യേന മികച്ച വിജയങ്ങള്‍ നേടുമ്പോള്‍ എന്തുകൊണ്ടാണ് ബോളിവുഡിന് അത് സാധിക്കാത്തത്? ഇപ്പോഴിതാ അതിന് മറുപടി പറയുകയാണ് ബോളിവുഡ് താരം ജോണ്‍ എബ്രഹാം. താന്‍ നായകനായ പുതിയ ചിത്രം ദി ഡിപ്ലോമാറ്റിന്‍റെ പ്രൊമോഷന്‍റെ ഭാ​ഗമായി ബോളിവുഡ് ലൈഫിന് നല്‍കിയ അഭിമുഖത്തിലാണ് ജോണ്‍ തന്‍റെ നിരീക്ഷണം പങ്കുവെക്കുന്നത്.

നല്ല കഥകളില്‍ നിന്ന് അകന്നതാണ് പരാജയങ്ങളുടെ പ്രധാന കാരണമെന്ന് അദ്ദേഹം പറയുന്നു. "സിനിമകള്‍ക്ക് ആളെത്താത്തതിന്‍റെ കാരണം എന്തെന്ന ചോദ്യത്തിന്‍റെ ഉത്തരം ലളിതമാണ്. നമ്മള്‍ നല്ല കഥകള്‍ പറയുന്നില്ല. എഴുത്തില്‍ നമ്മള്‍ ശ്രദ്ധിക്കുന്നില്ല. ഒരു ചിത്രം നിര്‍മ്മിക്കാന്‍ ശരിക്കും എന്തൊക്കെയാണോ ആവശ്യമായത് അതില്‍ നമ്മള്‍ ശ്രദ്ധ പുലര്‍ത്തുന്നില്ല. മറിച്ച് പുറമേയ്ക്ക് ഉള്ള കാര്യങ്ങളിലാണ് നമ്മുടെ ശ്രദ്ധ", ജോണ്‍ എബ്രഹാം പറയുന്നു.

"കാസ്റ്റിം​ഗിന്‍റെ കാര്യം വരുമ്പോള്‍ താരങ്ങള്‍ക്ക് ഇന്‍സ്റ്റ​ഗ്രാമില്‍ എത്ര ഫോളോവേഴ്സ് ഉണ്ട് എന്നതുപോലും ഒരു അന്വേഷണം ആവുകയാണ്. മറിച്ച് ക്രാഫ്റ്റിന്‍റെ കാര്യം ശ്രദ്ധിക്കുന്നില്ല. അതിലേക്ക് തിരിച്ചുപോകണം. എന്താണ് നിങ്ങള്‍ക്ക് പറയാനുള്ള കഥ? എഴുത്തുകാരനും സംവിധായകനും നടനും അത് എങ്ങനെയാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്നത്? ഇതാണ് ഒരു സിനിമയുടെ ക്രാഫ്റ്റ്. ഇക്കാര്യം നമ്മള് മറന്നുപോയി. അതിലേക്ക് തിരിച്ചുപോയാല്‍ നമ്മള്‍ നല്ല ചിത്രങ്ങള്‍ നിര്‍മ്മിക്കും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഡിപ്ലോമാറ്റ്", ജോണ്‍ എബ്രഹാം പറഞ്ഞുനിര്‍ത്തി.

ALSO READ : ശ്രദ്ധേയ കഥാപാത്രമായി ഹരീഷ് പേരടി; 'സമരസ' പൂർത്തിയായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം