കഴിഞ്ഞ ദിവസമാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്

പ്രഭാസും അക്ഷയ് കുമാറും മോഹന്‍ലാലും അടക്കമുള്ള അതിഥിതാരങ്ങളുടെ സാന്നിധ്യം കൊണ്ടുകൂടി ശ്രദ്ധ നേടിയ ചിത്രമാണ് കണ്ണപ്പ. തെലുങ്കില്‍ നിന്നുള്ള പാന്‍ ഇന്ത്യന്‍ ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് വിഷ്ണു മഞ്ചു ആണ്. സ്റ്റാര്‍ പ്ലസ് ചാനലിലെ മഹാഭാരതം പരമ്പരയുടെ സംവിധായകന്‍ മുകേഷ് കുമാര്‍ സിംഗ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മുകേഷ് കുമാറിന്‍റെ ചലച്ചിത്ര സംവിധായകനായുള്ള അരങ്ങേറ്റവുമാണ് കണ്ണപ്പ. തന്‍റെ കരിയറിലെ ഇത്ര വലിയൊരു ചിത്രത്തിന് എന്തുകൊണ്ട് ബോളിവുഡില്‍ നിന്ന് ഒരു സംവിധായകന്‍? ഈ ചോദ്യത്തിനുള്ള മറുപടി വിഷ്ണു മഞ്ചു ചിത്രത്തിന്‍റെ ഹൈദരാബാദില്‍ നടന്ന വിജയാഘോഷ വേളയില്‍ നല്‍കി.

കണ്ണപ്പയുടെ തിരക്കഥയുമായി താന്‍ ടോളിവുഡിലെ ഏത് സംവിധായകരെ സമീപിച്ചാലും അവര്‍ സമ്മതിക്കില്ലെന്നായിരുന്നു വിഷ്ണു മഞ്ചുവിന്‍റെ മറുപടി. “എന്‍റെ അവസാനത്തെ കുറച്ച് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ നല്ല പ്രകടനം നടത്തിയിരുന്നുമില്ല. മുകേഷ് കുമാര്‍ സിംഗ് കണ്ണപ്പ നന്നായി അവതരിപ്പിച്ചു. ചലച്ചിത്ര സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്‍റെ അരങ്ങേറ്റമായിരുന്നു ഇതെങ്കിലും അദ്ദേഹത്തില്‍ ഞാന്‍ പൂര്‍ണ്ണമായും വിശ്വസിച്ചു. ഒളിഞ്ഞിരിക്കുന്ന ഒരു രത്നമാണ് അദ്ദേഹം. അത്തരത്തിലുള്ള പ്രതിഭകളെ മുന്നോട്ട് കൊണ്ടുവരണമെന്നതും എന്‍റെ ആഗ്രഹമാണ്”, വിഷ്ണു മഞ്ചുവിന്‍റെ വാക്കുകള്‍.

ശിവഭക്തനായ കണ്ണപ്പയുടെ ഐതിഹ്യം ഉൾകൊള്ളുന്ന ചിത്രം ഭക്തിയുടെ പശ്ചാത്തലമുള്ള ഒന്നാണ്. ഭക്തിയുടെ ആത്മീയമായ ആഴങ്ങളിലേക്കും ഒപ്പം വൈകാരിക തലങ്ങളിലേക്കും വലിയ കാന്‍വാസില്‍ പ്രേക്ഷകരെ കൊണ്ടുപോവുകയാണ് കണ്ണപ്പ. കേരളത്തിൽ ഇരുന്നൂറ്റി മുപ്പത്തിൽപ്പരം തിയേറ്ററുകളിൽ കണ്ണപ്പ ആശിർവാദ് സിനിമാസ് വിതരണത്തിനെത്തിച്ചിരിക്കുന്നു. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

മുകേഷ് കുമാര്‍ സിംഗ്, വിഷ്‌ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് കണ്ണപ്പയുടെ സംഭാഷണം ഒരുക്കിയിരിക്കുന്നത്. വിഷ്ണു മഞ്ജു നായകനായെത്തുന്ന ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, പ്രീതി മുകുന്ദൻ, കാജൽ അഗർവാൾ, ശരത് കുമാർ, മോഹൻ ബാബു, അര്‍പിത് രംഗ, കൗശൽ മന്ദ ദേവരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദ്യ ദിനം തന്നെ മികച്ച അഭിപ്രായങ്ങളുമായി പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ പ്രേക്ഷകരുടെ പ്രിയ ചിത്രമായി മാറുകയാണ് കേരളത്തിലും. കേരള മാർക്കറ്റിംഗ് ലെനിക്കൊ സൊല്യൂഷൻസ്, പി ആർ ഒ പ്രതീഷ് ശേഖർ.

Asianet News Live | Malayalam News Live | Kerala News Live | Kerala Rain | Live Breaking news