ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും വീഡിയോ ഗാനങ്ങളുമൊക്കെ നേരത്തെ പുറത്തെത്തിയിരുന്നു

2020ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി സുനില്‍ ഇബ്രാഹിം രചനയും സംവിധാനവും നിര്‍വ്വഹിച്ച റോയ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ഗാനങ്ങളുമൊക്കെ പുറത്തെത്തിയിരുന്നു. പക്ഷേ സിനിമ ഇനിയും തിയറ്ററുകളില്‍ എത്തിയിട്ടില്ല. സിനിമ എന്തുകൊണ്ട് വരുന്നില്ല എന്ന ചോദ്യം പലരില്‍ നിന്നായി നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് പറയുന്നു സംവിധായകന്‍ സുനില്‍ ഇബ്രാഹിം. അതിന്‍റെ കാരണത്തെക്കുറിച്ചും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് സുനില്‍ ഇബ്രാഹിമിന്‍റെ പ്രതികരണം.

സുനില്‍ ഇബ്രാഹിമിന്‍റെ കുറിപ്പ്

റോയ് സിനിമ എപ്പോൾ വരും? സിനിമ വിചാരിച്ചത് പോലെ നന്നായില്ലേ? ടെക്‌നിക്കലി എന്തെങ്കിലും പ്രശ്നമായോ? കൊവിഡ് കഥയാണോ? കഥയുടെ പ്രസക്തി നഷ്ടമായോ? ബിസിനസ്‌ ആവുന്നില്ലേ? നിയമപരമായ എന്തെങ്കിലും കുരുക്കിൽപ്പെട്ടോ? വൈകുന്തോറും കാരണമന്വേഷിക്കുന്ന മെസ്സേജുകളിൽ പലതും ഇങ്ങിനെയൊക്കെയായി മാറുന്നത് കൊണ്ടാണ് ഇതെഴുതുന്നത്. ഈ ചോദ്യങ്ങളിൽ ഒന്ന് പോലും റോയ് വൈകാനുള്ള യഥാർത്ഥ കാരണമല്ല എന്ന് മാത്രം തല്‍ക്കാലം എല്ലാവരും മനസിലാക്കണം. സിനിമയുടെയോ അതിന്റെ പിന്നിൽ പ്രവർത്തിച്ച ടീമിന്റെയോ തെറ്റല്ല ഈ കാലതാമസം എന്നറിയുക. കാരണങ്ങൾ എല്ലാവരോടും വിളിച്ചു പറയണമെന്നൊക്കെ പല തവണ തോന്നിയിട്ടുണ്ട്, പക്ഷെ പറയുന്നില്ല. ഞങ്ങൾ നിങ്ങൾക്ക് നൽകേണ്ടത് വാർത്തകളും വിവാദങ്ങളുമൊന്നുമല്ല, നല്ല സിനിമകളാണ് എന്ന് വിവേകപൂർവം തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ ഏറ്റവുമധികം നിരാശരാവേണ്ട ഞങ്ങൾ ഫുൾ പവറിൽ ഇപ്പോഴും കാത്തിരിക്കുന്നത് സിനിമയിൽ അത്രക്ക് പ്രതീക്ഷയുള്ളത് കൊണ്ടാണ്. ഇനിയും ഒരുപാട് വൈകിപ്പിക്കാൻ അനുവദിക്കില്ല എന്ന് മാത്രം ഉറപ്പ് തരുന്നു. 
സ്നേഹത്തോടെ എല്ലാവരും ഒപ്പമുണ്ടാവണം ...!

ALSO READ : ആമിര്‍ ഖാന് കഴിയാതിരുന്നത് രണ്‍ബീറിന് കഴിയുമോ? ബോളിവുഡിന് പ്രതീക്ഷയേറ്റി ബ്രഹ്മാസ്ത്ര വരുന്നു: പ്രൊമോ വീഡിയോ

സുരാജിനൊപ്പം ഷൈന്‍ ടോം ചാക്കോ, സിജാ റോസുമാണ് ചിത്രത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നീ ബാനറുകളില്‍ സജീഷ് മഞ്ചേരി, സനൂബ് കെ യൂസഫ് എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോണി ഡേവിഡ് രാജ്, ജിന്‍സ് ഭാസ്ക‍ര്‍, വി കെ ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സൈറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ്, ആനന്ദ് മന്മഥൻ, ജെനി പള്ളത്ത്, രാജഗോപാലന്‍, യാഹിയ ഖാദര്‍, ദില്‍ജിത്ത്, അനൂപ് കുമാർ, അനുപ്രഭ, രേഷ്‍മ ഷേണായി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ഛായാഗ്രഹണം ജയേഷ് മോഹന്‍. പശ്ചാത്തല സംഗീതംഗോപി സുന്ദർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പ്രൊഡക്ഷന്‍ ഡിസൈന്‍ എം ബാവ, മേക്കപ്പ് അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം രമ്യ സുരേഷ്, എഡിറ്റിംഗ് വി സാജന്‍, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, പരസ്യകല ഫണല്‍ മീഡിയ, അസോസിയേറ്റ് ഡയറക്ടര്‍ എം ആര്‍ വിബിന്‍, സുഹൈല്‍ ഇബ്രാഹിം, ഷമീര്‍ എസ്, പ്രൊഡക്ഷന്‍ മാനേജര്‍ സുഹൈല്‍ വിപിഎല്‍, ജാഫര്‍, വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.