കന്നഡ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം

കന്നഡ സിനിമയില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ് ആണ് സു ഫ്രം സോ (സുലോചന ഫ്രം സോമേശ്വര). നവാഗതനായ ജെ പി തുമിനാട് രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രം ജൂലൈ 25 നാണ് തിയറ്ററുകളില്‍ എത്തിയത്. വലിയ പ്രീ റിലീസ് കോലാഹലങ്ങളൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ദിനം തന്നെ പ്രേക്ഷകമനം കവര്‍ന്നു. വന്‍ അഭിപ്രായം വന്നതോടെ തിയറ്ററുകളിലേക്ക് പ്രേക്ഷകര്‍ കൂട്ടമായി ഒഴുകി. ബെംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ ചിത്രത്തിന് ഹൗസ്‍ഫുള്‍ ഷോകള്‍ പെരുകി. ബോക്സ് ഓഫീസും നിറഞ്ഞു. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത് 87.5 കോടിയാണ്. ഇപ്പോഴിതാ ചിത്രം മറ്റൊരു ഭാഷയിലേക്ക് റീമേക്ക് ചെയ്യപ്പെടാനുള്ള സാധ്യത സംബന്ധിച്ച് ചില റിപ്പോര്‍ട്ടുകള്‍ എത്തിയിരിക്കുകയാണ്.

ചിത്രത്തിന് ഒരു ബോളിവുഡ് റീമേക്ക് ഉണ്ടായാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ചലച്ചിത്രവൃത്തങ്ങള്‍ നല്‍കുന്ന സൂചന. മുംബൈയില്‍ ചിത്രത്തിന്‍റെ ഒരു എക്സ്ക്ലൂസീവ് സ്ക്രീനിംഗ് ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ നടന്നിരുന്നു. ഈ പ്രൈവറ്റ് സ്ക്രീനിംഗില്‍ നിന്നുള്ള ചിത്രങ്ങളില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ഉണ്ടായിരുന്നു. അജയ്ക്കൊപ്പമുള്ള ചിത്രം ജെ പി തുമിനാട് തന്നെ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം ഹിന്ദിയില്‍ റീമേക്ക് ചെയ്യപ്പെട്ടേക്കാം എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്.

ഉറപ്പ് പറയാറായിട്ടില്ലെങ്കിലും ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് സംബന്ധിച്ച വിവരം വൈകാതെ പുറത്തെത്തിയാലും അത്ഭുതപ്പെടാനില്ലെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാള്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൊറര്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രങ്ങള്‍ സമീപ വര്‍ഷങ്ങളില്‍ ബോളിവുഡില്‍ വന്‍ വിജയങ്ങള്‍ നേടിയിട്ടുള്ളതുകൂടി ഈ ഘട്ടത്തില്‍ ഓര്‍ക്കാവുന്നതാണ്.

View post on Instagram

അതേസമയം ഒറിജിനല്‍ കന്നഡ പതിപ്പ് പ്രേക്ഷകശ്രദ്ധ നേടിയതിന് പിന്നാലെ ചിത്രത്തിന്‍റെ മലയാളം പതിപ്പ് കേരളത്തില്‍ റിലീസ് ചെയ്തിരുന്നു. കേരളത്തിലും ചിത്രം മികച്ച വിജയമാണ് നേടിയത്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിച്ചത്. പ്രശസ്ത കന്നഡ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട് രാജ് ബി ഷെട്ടി.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News