കമല്‍ ഹാസന്‍ ആരാധകര്‍ ആവേശത്തോടെ സ്വീകരിച്ച പ്രഖ്യാപനമായിരുന്നു ലോകേഷ് കനകരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'വിക്രം'. സെപ്റ്റംബറില്‍ പ്രഖ്യാപിച്ച പ്രോജക്ടിന്‍റെ പേര് ഫസ്റ്റ് ലുക്ക് ടീസര്‍ അടക്കം അദ്ദേഹത്തിന്‍റെ പിറന്നാള്‍ദിനമായ നവംബര്‍ ഏഴിനും പുറത്തെത്തി. സോഷ്യല്‍ മീഡിയയില്‍ ഇതിനു വലിയ പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ മലയാളി സിനിമാപ്രമികളില്‍ കൂടുതല്‍ കൗതുകമുണര്‍ത്തുന്ന മറ്റു ചില റിപ്പോര്‍ട്ടുകള്‍ കൂടി പുറത്തുവരുന്നു. 'വിക്ര'ത്തില്‍ വില്ലനെ അവതരിപ്പിക്കുക ഫഹദ് ഫാസില്‍ ആയിരിക്കാം എന്നതാണ് അത്.

ചിത്രത്തിലെ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ലോകേഷ് കനകരാജ് ഫഹദിനെ സമീപിച്ചെന്നും കഥയും കഥാപാത്രവും ഇഷ്ടപ്പെട്ട അദ്ദേഹം സമ്മതം മൂളിയെന്നുമൊക്കെയാണ് റിപ്പോര്‍ട്ടുകള്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഫഹദ് ഒരു രാഷ്ട്രീയക്കാരനെയാവും അവതരിപ്പിക്കുകയെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ട്. എന്നാല്‍ ചിത്രവുമായോ ഫഹദുമായോ ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ തമിഴ് മാധ്യമങ്ങളിലുള്‍പ്പെടെ വന്ന ഈ വാര്‍ത്ത ശരിവെക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ല. 

 

അതേസമയം മറുഭാഷകളില്‍ വളരെ കുറച്ചുമാത്രം ചെയ്തിട്ടുള്ള താരമാണ് ഫഹദ്. അഭിനയിച്ച മലയാളം ചിത്രങ്ങളിലൂടെ ഫഹദിനെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ ഭാഷാഭേദമന്യെ ഇന്ത്യയൊട്ടാകെ ഉണ്ടെങ്കിലും മറുഭാഷകളില്‍ അഭിനയിക്കാന്‍ താല്‍പര്യം പുലര്‍ത്തുന്ന ആളല്ല അദ്ദേഹം. വേലൈക്കാരന്‍, സൂപ്പര്‍ ഡീലക്സ് എന്നീ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് തമിഴില്‍ ഇതിനകം അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. അദ്ദേഹം നിരസിച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍ മണി രത്നത്തിന്‍റെ ചെക്കാ ചിവന്ത വാനമടക്കമുള്ളവ ഉള്‍പ്പെടും. അതെന്തായാലും വാര്‍ത്ത ഔദ്യോഗികമായി നിരസിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ആരാധകര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. 

കമല്‍ഹാസന്‍റെ കരിയറിലെ 232-ാം ചിത്രമാണ് 'വിക്രം'. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് നിര്‍മ്മാണം. സംഗീതം അനിരുദ്ധ്. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നായിരുന്നു ഫസ്റ്റ് ലുക്ക് ടീസറിനൊപ്പമുള്ള അറിയിപ്പ്.