Asianet News MalayalamAsianet News Malayalam

സ്ത്രീകൾക്ക് ആഭ്യന്തര പരാതി സെൽ, നിർവാഹക സമിതിയിൽ വനിതകൾ: 'അമ്മ'യിൽ അഴിച്ചു പണി?

ഭരണഘടനാ ഭേദഗതി നിർദേശങ്ങൾ വാർഷിക ജനറൽ ബോഡിയിൽ അവതരിപ്പിക്കും. 'വിമൺ ഇൻ സിനിമാ കളക്ടീവ്' പോലുള്ള സംഘടനകളുണ്ടാക്കിയ സമ്മർദ്ദം തന്നെയാണ് 'അമ്മ'യെയും സംഘടനാ അഴിച്ചു പണിക്ക് പ്രേരിപ്പിച്ചത്. 

will form internal complaints committee for women changes in amma structure
Author
Kochi, First Published Jun 25, 2019, 2:54 PM IST

കൊച്ചി: ചലച്ചിത്ര താര സംഘടനയായ 'അമ്മ'യിൽ വൻ ഘടനാമാറ്റങ്ങൾ വരുന്നു. സിനിമാ മേഖലയിലെ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യവും പദവികളും നൽകിക്കൊണ്ട്, 'അമ്മ'യുടെ സംഘടനാ തലത്തിൽ വൻ മാറ്റങ്ങൾ വരുത്താൻ ഭാരവാഹികൾ തീരുമാനിച്ചു. ഈ ഭരണഘടനാ ഭേദഗതികൾ ജനറൽ ബോ‍ഡി അംഗീകരിക്കണം. അതിനാൽ വരുന്ന വാർഷിക ജനറൽ ബോഡിയിൽ മാറ്റങ്ങൾ അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷമാകും നടപ്പാക്കുക. 

എന്നാൽ ജനറൽ ബോഡിയിൽ ഈ നിർദേശങ്ങളെല്ലാം പാസ്സാകുമോ എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്. പല അംഗങ്ങൾക്കും നിർദേശങ്ങളിൽ ഭിന്നാഭിപ്രായമുണ്ട്. മാത്രമല്ല, ചില നിർദേശങ്ങൾ നടപ്പാക്കാൻ നിയമപരമായ പ്രശ്നമുണ്ടെന്നാണ് സംഘടനയിലെ ചില അംഗങ്ങൾ തന്നെ പറയുന്നത്. 

'വിമൺ ഇൻ സിനിമാ കളക്ടീവ്' പോലുള്ള സംഘടനകളുണ്ടാക്കിയ സമ്മർദ്ദം തന്നെയാണ് 'അമ്മ'യെയും സംഘടനാ അഴിച്ചു പണിക്ക് പ്രേരിപ്പിച്ചത്. 

സ്ത്രീകൾക്ക് ആഭ്യന്തര പരാതി പരിഹാര സെൽ അടിയന്തരമായി രൂപീകരിക്കാൻ തീരുമാനമുണ്ട്. പക്ഷേ ഇക്കാര്യത്തിൽ ഈ വാർഷിക ജനറൽ ബോഡിയിൽ തീരുമാനമുണ്ടാകുമോ എന്നത് വ്യക്തമല്ല. അമ്മ ഒരു തൊഴിൽദാതാവല്ല, തൊഴിലാളി സംഘടന മാത്രമാണെന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കാൻ നിയമപ്രകാരം തടസ്സമുണ്ടെന്നും 'അമ്മ' നേരത്തേ വ്യക്തമാക്കിയിരുന്നു.

നിർവാഹക സമിതിയിൽ കൂടുതൽ സ്ത്രീകളെ ഉൾപ്പെടുത്തണമെന്നതാണ് മറ്റൊരു നിർദേശം. ഉപാധ്യക്ഷ പദവിയിൽ സ്ത്രീ വരണമെന്നതാണ് മറ്റൊന്ന്. ഈ ഭരണഘടനാ ഭേദഗതി നിർദേശങ്ങൾ സംഘടനയുടെ വാർഷിക ജനറൽ ബോ‍ഡിയിൽ അവതരിപ്പിച്ച് അംഗീകരിക്കപ്പെടണം. എന്നാൽ ഈ വർഷത്തെ വാർഷിക ജനറൽ ബോ‍ഡിയിൽ തെരഞ്ഞെടുപ്പ് ഉണ്ടാകില്ല. ഇപ്പോഴത്തെ ഭാരവാഹികൾക്ക് ഒരു വർഷം കൂടി കാലാവധി ബാക്കിയുണ്ട്. അതിനാൽ ഇക്കാര്യങ്ങളിൽ ഈ വാർഷിക ബോഡിയിൽ തീരുമാനമുണ്ടായാലും ഈ വർഷം തെര‌ഞ്ഞെടുപ്പുണ്ടാകില്ല. അതുകൊണ്ട് തന്നെ ഉടനെ പ്രധാനപദവികളിൽ കൂടുതൽ സ്ത്രീകൾ വരാനും സാധ്യതയില്ല. 

Follow Us:
Download App:
  • android
  • ios