മലയാളം ഒറിജിനലിന്‍റെ ചിത്രീകരണ സമയം പ്രഖ്യാപിച്ചത് ഇന്നലെയാണ്

ഇന്ത്യന്‍ സിനിമാപ്രേമികള്‍ പല ഭാഷകളിലായി കാത്തിരിക്കുന്ന സിനിമാ തുടര്‍ച്ചകളില്‍ ഒന്നാണ് ദൃശ്യം 3. മലയാളം ദൃശ്യം 2 ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് എത്തിയതെങ്കില്‍ തെലുങ്ക് റീമേക്കും അങ്ങനെതന്നെ ആയിരുന്നു. എന്നാല്‍ ഹിന്ദി, കന്നഡ റീമേക്കുകള്‍ തിയറ്ററിലുമെത്തി. ദൃശ്യം 3 മലയാളികള്‍ക്ക് എത്രത്തോളം പ്രിയപ്പെട്ടതാണോ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്ക് അത്രത്തോളം പ്രിയങ്കരമാണ് അജയ് ദേവ്​ഗണിന്‍റെ ഹിന്ദിയിലെ ദൃശ്യം ഫ്രാഞ്ചൈസി. അത് മലയാളം ചിത്രത്തിന്‍റെ റീമേക്ക് ആണെന്ന് ഇനിയും അറിയാത്ത പ്രേക്ഷകര്‍ പോലുമുണ്ട് ഹിന്ദിയില്‍. ഇപ്പോഴിതാ മലയാളം ദൃശ്യം 3 യുടെ ചിത്രീകരണം ഔദ്യോ​ഗികമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഹിന്ദി ദൃശ്യം 3 സംബന്ധിച്ച ചില റിപ്പോര്‍ട്ടുകളും ദേശീയ മാധ്യമങ്ങളില്‍ ഇടംപിടിച്ചിരിക്കുകയാണ്.

ഒറിജിനല്‍ ദൃശ്യം 3 ന്‍റെ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഹിന്ദി റീമേക്കിന്‍റെ റിലീസ് തീയതി പുറത്തെത്തിയിരുന്നു. എന്നാല്‍ ഇത് ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത് ആയിരുന്നില്ല. മറിച്ച് നിര്‍മ്മാണ കമ്പനി ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ നല്‍കിയ വിവരങ്ങളിലായിരുന്നു ഹിന്ദി ദൃശ്യം 3 ന്‍റെ റിലീസ് തീയതിയും ഉള്‍പ്പെട്ടിരുന്നത്. 2026 ലെ ഗാന്ധി ജയന്തി ദിനത്തില്‍ (ഒക്ടോബര്‍ 2) ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്. ഇപ്പോഴിതാ ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണം എന്നാണ് ആരംഭിക്കുകയെന്ന വിവരവും മലയാളി സിനിമാപ്രേമികളുടെയും ശ്രദ്ധ നേടുന്നതാണ്.

ഒറിജിനല്‍ ദൃശ്യം 3 ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് മോഹന്‍ലാലും ജീത്തു ജോസഫും ആന്‍റണി പെരുമ്പാവൂരും ചേര്‍ന്ന് ഇന്നലെ അറിയിച്ചത്. എന്നാല്‍ ഇതേ സമയത്തുതന്നെ ഹിന്ദി ദൃശ്യം 3 ന്‍റെ ചിത്രീകരണവും തുടങ്ങുമെന്നാണ് പിങ്ക് വില്ലയുടെ റിപ്പോര്‍ട്ട്. റിലീസ് തീയതിയുടെ കൃത്യം ഒരു വര്‍ഷം മുന്‍പ്, അതായത് ഈ വര്‍ഷം ഒക്ടോബര്‍ 2 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ മൂന്ന് മാസത്തെ തുടര്‍ച്ചയായ ചിത്രീകരണമാണ് ചിത്രത്തിനായി നടക്കുകയെന്നും. ചിത്രീകരണം ആരംഭിച്ചാല്‍ മലയാളം ഒറിജിനല്‍ എത്താന്‍ ഒരു വര്‍ഷം വൈകില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഒരേസമയത്ത് ചിത്രീകരണം ആരംഭിക്കുന്നതിനാല്‍ ഹിന്ദി ദൃശ്യം 3 ഒരു റീമേക്ക് അല്ലാതെ മറ്റൊരു തിരക്കഥയിലാണോ എത്തുകയെന്ന സംശയം ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം ജൂലൈ അവസാനത്തോടെ അറിയാനാവുമെന്നാണ് ഹിന്ദി ചിത്രത്തിന്‍റെ അണിയറക്കാരെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

Drishyam 3 - October 2025. We begin | Mohanlal | Jeethu Joseph | Antony Perumbavoor