Asianet News MalayalamAsianet News Malayalam

ബിനീഷിനെ 'അമ്മ'യിൽ നിന്ന് ഇപ്പോൾ പുറത്താക്കില്ല, ഇടവേള ബാബുവിനെതിരെ നടപടിയില്ല

നടിമാർ ഉൾപ്പടെയുള്ളവരാണ് ബിനീഷിനെ പുറത്താക്കണമെന്നും സംഘടനയിൽ രണ്ട് നീതി പാടില്ലെന്നും വാദിച്ച് രംഗത്തെത്തിയത്. ഇടത് എംഎൽഎമാരായ ഗണേഷ് കുമാറും മുകേഷും ഇതിനെ ശക്തമായി എതിർത്തു.

will not oust bineesh kodiyeri from amma now decide executive
Author
Kochi, First Published Nov 20, 2020, 7:20 PM IST

കൊച്ചി: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഇപ്പോൾ നടപടിയൊന്നും സ്വീകരിക്കേണ്ടെന്ന് താരസംഘടനയായ അമ്മ തീരുമാനിച്ചു. കൊച്ചിയിൽ നടന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ബിനീഷിനെ പുറത്താക്കണമെന്ന് നടിമാർ ഉൾപ്പടെ ഒരു വിഭാഗം ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ നടപടി വേണ്ടെന്നാണ് ഭൂരിപക്ഷാഭിപ്രായം. ബിനീഷിനോട് വിശദീകരണം തേടാനും അമ്മ യോഗത്തിൽ തീരുമാനമായി. 

സംഘടനയിൽ രണ്ട് നീതി പാടില്ലെന്നും ദിലീപിനെ പുറത്താക്കിയ അമ്മ ബിനീഷിനെയും പുറത്താക്കണമെന്നും നടിമാർ ഉൾപ്പടെയുള്ളവർ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യത്തിൽ ഇടത് എംഎൽഎമാർ കൂടിയായ മുകേഷിനും ഗണേഷ് കുമാറിനും കടുത്ത എതിർപ്പാണുള്ളത്. ഈ എതിർപ്പ് ഇരുവരും യോഗത്തിൽ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തു. 

അതേസമയം, ആക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമ‌ർശം നടത്തിയ നടനും അമ്മ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നും എക്സിക്യൂട്ടീവ് തീരുമാനിച്ചു. ഇടവേള ബാബുവിനെതിരെ രേവതി, പത്മപ്രിയ എന്നിവർ നൽകിയ കത്ത് യോഗത്തിൽ വിശദമായ ചർച്ചയ്ക്ക് വിധേയമായി. പാർവ്വതി നൽകിയ രാജിക്കത്ത് പരിഗണിച്ച യോഗം രാജി സ്വീകരിച്ചു. 

അമ്മ സംഘടന പുതിയതായി നിർമ്മിക്കാനിരിക്കുന്ന സിനിമയുടെ പ്രാഥമിക ചർച്ചകളും നടന്നു. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അംഗങ്ങൾക്ക് സാമ്പത്തികസഹായം നൽകാനാണ് അമ്മ പുതിയ സിനിമ നിർമിക്കുന്നതെന്നും, ഇത് എല്ലാ താരങ്ങളും അണിനിരക്കുന്ന താരചിത്രമാകുമെന്നും അമ്മ ഭാരവാഹികൾ അറിയിച്ചു.

അതേസമയം, ബിനീഷ് കോടിയേരിയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. ഓൺലൈൻ വഴിയാണ് ബിനീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. നിലവിൽ മയക്കുമരുന്ന് കേസിൽ എൻസിബി ബിനീഷിനെ പ്രതി ചേർത്തിട്ടില്ലെന്നാണ് വിവരം. ബിനീഷിനെ പരപ്പന അഗ്രഹാര ജയിലിലേക്ക് കൊണ്ടുപോയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios