Asianet News MalayalamAsianet News Malayalam

പൊലീസ് ആക്ട് ഭേദഗതിയില്‍ പ്രതിഷേധിച്ച് കവിതയെഴുത്ത് നിര്‍ത്തുന്നുവെന്ന് സോഹന്‍ റോയ്

'വരാൻ പോകുന്ന സോഷ്യൽ മീഡിയ നിയമത്തിൽ പ്രതിഷേധിച്ച്, വർത്തമാനകാല സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കി കഴിഞ്ഞ മൂന്നുവർഷമായി ദിവസേനയെന്നോണം തുടർച്ചയായി ചെയ്തു കൊണ്ടിരുന്ന അണുകാവ്യരചന ഞാൻ ഈ വിജയദശമി നാളിൽ നിർത്തുന്നു..'

will not write any more poems says sohan roy
Author
Thiruvananthapuram, First Published Oct 25, 2020, 6:02 PM IST

കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് താന്‍ കാവ്യരചന നിര്‍ത്തുകയാണെന്ന് ചലച്ചിത്ര സംവിധായകനും വ്യവസായിയുമായ സോഹന്‍ റോയ്. സമകാലിക വിഷയങ്ങളിലെ പ്രതികരണം എന്ന നിലയില്‍ എഴുതുന്ന വരികള്‍ സ്വയം ആലപിച്ചാണ് സോഹന്‍ റോയ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. കവിതകള്‍ വളച്ചൊടിക്കപ്പെട്ട് അഞ്ച് വര്‍ഷം വരെ തടവുകിട്ടാം എന്നുള്ളതുകൊണ്ട് ഈ വിജയദശമി നാളില്‍ കാവ്യരചന നിര്‍ത്തുകയാണെന്ന് സോഹന്‍ റോയ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സോഹന്‍ റോയ്‍യുടെ ഫേസ്ബുക്ക് കുറിപ്പ്

വരാൻ പോകുന്ന സോഷ്യൽ മീഡിയ നിയമത്തിൽ പ്രതിഷേധിച്ച്, വർത്തമാനകാല സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കി കഴിഞ്ഞ മൂന്നുവർഷമായി ദിവസേനയെന്നോണം തുടർച്ചയായി ചെയ്തു കൊണ്ടിരുന്ന അണുകാവ്യരചന ഞാൻ ഈ വിജയദശമി നാളിൽ നിർത്തുന്നു. നിയമത്തിന്‍റെ വാൾ പിന്നിലുയരുമ്പോൾ ആനുകാലിക വിഷയങ്ങളിൽ പ്രതികരിച്ചെഴുതുന്ന അണുകവിതകൾ വളച്ചൊടിയ്ക്കപ്പെട്ട്   അഞ്ചു വർഷം വരെ തടവു കിട്ടാം എന്നുള്ളതു കൊണ്ടും രണ്ടായിരത്തോളം കുടുംബങ്ങളുടെ പ്രതീക്ഷയായ സ്ഥാപനത്തിന്‍റെ ഉത്തരവാദിത്തമുള്ളതുകൊണ്ടും ഇതെന്‍റെ അവസാന  അണുകാവ്യ പ്രതികരണം.

നിയമക്കുരുതി

കയ്യാമമിട്ടെന്‍റെ കണ്ണുകൾ കെട്ടി നീ
കണ്ഠക്കുരുക്കിട്ടു മൗനിയായ് മാറ്റുമ്പോൾ
കത്തിപ്പടരാത്ത തൂലികവർഗ്ഗത്തിന്‍റെ
കല്ലറക്കെട്ടിൽ തീരട്ടണുകാവ്യവും ....

അതേസമയം സൈബര്‍ കുറ്റകൃത്യം തടയാനെന്ന പേരില്‍ പൊലീസ് ആക്ടില്‍ കൊണ്ടുവരുന്ന ഭേദഗതിവഴി മാധ്യമങ്ങളെയും നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. മാധ്യമങ്ങള്‍ക്കു വിലങ്ങിടാനാണ് സര്‍ക്കാര്‍ നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന പ്രതികരണവുമായി നിയമമന്ത്രി എ കെ ബാലന്‍ രംഗത്തെത്തിയിരുന്നു. അപകീര്‍ത്തി പ്രചരണം തടയാന്‍ മാത്രമാണ് ഭേദഗതിയെന്നും മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്ന എന്തെങ്കിലും ഭേദഗതിയില്‍ ഉണ്ടെങ്കില്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും മന്ത്രി പറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios