1990-കളിൽ കശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചുള്ള ചിത്രം മാർച്ച് 11 ന് റിലീസ് ചെയ്തതു മുതൽ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. 

‘ദി കശ്മീർ ഫയൽസ്’(The Kashmir Files) ന്യൂസിലൻഡിൽ റിലീസ് ചെയ്യുന്നത് നിർത്തിവച്ചു. രാജ്യത്തെ സെൻസർ ബോർഡ് സിനിമയ്ക്ക് നേരത്തെ പ്രദർശന അനുമതി നൽകിയിരുന്നു. 16 വയസ്സിന് മുകളിലുള്ളവർക്ക് ചിത്രം കാണാനുള്ള അനുവാദമാണ് നൽകിയിരുന്നത്. എന്നാൽ ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചില സംഘടനാ നേതാക്കൾ പരാതി അറിയിച്ചതോടെ തീരുമാനം പുനഃപരിശോധിക്കാനും പ്രദർശനം നിർത്തിവയ്ക്കാനും സെൻസർ ബോർഡ് തീരുമാനിക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രം സെൻസർ ചെയ്യാനുള്ള തീരുമാനത്തിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് ന്യൂസിലാന്റ് മുന്‍ ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പീറ്റേഴ്സ്(Winston Peters). 

ചിത്രം സെന്‍സര്‍ ചെയ്യുന്നത് ന്യൂസിലാന്റുകാരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്നും എല്ലാ രാജ്യങ്ങളും ഒരു പോലെ ഏറ്റെടുത്ത ചിത്രം ഒരിക്കലും സെന്‍സര്‍ ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ദി കശ്മീര്‍ ഫയല്‍സ്' സെന്‍സര്‍ ചെയ്യുന്നത് ന്യൂസിലാന്റുകാരുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. അമേരിക്ക, ഓസ്ട്രേലിയ, ഇന്ത്യ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളിലും ചിത്രം പ്രദര്‍ശിപ്പിക്കുന്നുണ്ട്. 1.1 ബില്യണ്‍ ജനങ്ങള്‍ ഇന്ന് ചിത്രം കണ്ടുകഴിഞ്ഞു. 1990 കളില്‍ കശ്മീരി പണ്ഡിറ്റുകള്‍ നേരിടേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. 32 വര്‍ഷങ്ങള്‍ക്ക് ശേഷവും നാല് ലക്ഷത്തോളം പണ്ഡിറ്റുകള്‍ക്ക് ഇന്നും സ്വന്തം മണ്ണിലേക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്തുന്ന ഈ ചിത്രം സെന്‍സര്‍ ചെയ്യുന്നത് മാര്‍ച്ച് 15ന് ന്യൂസിലാന്റില്‍ നടന്ന പ്രശ്നങ്ങളും 9/11 ഭീകരാക്രമണവും പൊതുജനങ്ങളില്‍ നിന്നും മറച്ചുവെക്കുന്നതിന് തുല്യമാണ്. ഇത്തരം സെന്‍സര്‍ഷിപ്പുകള്‍ ന്യൂസിലാന്റിലെ ജനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും പീറ്റേഴ്സ് മുന്നറിയിപ്പ് നല്‍കി.

1990-കളിൽ കശ്മീർ താഴ്‌വരയിൽ നിന്നുള്ള പണ്ഡിറ്റുകളുടെ പലായനത്തെ കേന്ദ്രീകരിച്ചുള്ള ചിത്രം മാർച്ച് 11 ന് റിലീസ് ചെയ്തതു മുതൽ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. ഇതിനിടയിലും മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ബോക്സ് ഓഫീസും ചിത്രം വിജയം നേടി കഴിഞ്ഞു. 

അതേസമയം, സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ സെക്യൂരിറ്റി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കശ്മീരി പണ്ഡിറ്റികളുടെ കഥ പറയുന്ന സിനിമയുടെ റിലീസിന് പിന്നാലെയാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. വിവേക് അഗ്നിഹോത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന് ബോധ്യപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞ്രുന്നു. സി ആര്‍ പി എഫ് അകമ്പടിയോടെയുള്ള സുരക്ഷ സംഘം ഇന്ത്യയില്‍ ഉടനീളം വിവേകിനൊപ്പം ഉണ്ടാകും. 

രണ്ട് മണിക്കൂറും 50മിനിറ്റുമാണ് ചിത്രത്തിന്റെ ദൈർഘ്യം. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകർ, പുനീത് ഇസ്സർ, പ്രകാശ് ബേലവാടി, അതുൽ ശ്രീവാസ്തവ, മൃണാൽ കുൽക്കർണി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ അനുപം ഖേർ അവതരിപ്പിച്ചതുൾപ്പടെയുള്ള കഥാപാത്രങ്ങൾ മികച്ചുനിന്നുവെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. തൊട്ടാൽ പൊള്ളുന്ന വിഷയതിനാൽ തന്നെ റിലീസിന് മുന്നേ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രേക്ഷകർ രണ്ട് തട്ടിലായിരുന്നു. കശ്മീരിലെ കലാപം നേരിട്ട് ബാധിച്ച വ്യക്തികളുടെ അനുഭവങ്ങളിൽ നിന്നുമാണ് സംവിധായകൻ വിവേക് അഗ്നിഹോത്രി ചിത്രം രൂപപ്പെടുത്തിയിരിക്കുന്നത്. 

ചിത്രത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രം​ഗത്തെത്തിയിരുന്നു. "ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയർത്തിയ മുഴുവൻ ആളുകളും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഷാകുലരാണ്. വസ്തുതകളുടെയും കലയുടെയും അടിസ്ഥാനത്തിൽ സിനിമയെ വിശകലനം ചെയ്യേണ്ടതിനുപകരം, സിനിമയെ അപകീർത്തിപ്പെടുത്താനുള്ള പ്രചാരണമാണ് നടക്കുന്നത്", എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.

സത്യം ശരിയായ രീതിയിൽ പുറത്തുകൊണ്ടുവരുന്നത് രാജ്യത്തിന് പ്രയോജനകരമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന് പല വശങ്ങളും ഉണ്ടാകാം. ചിലർ ഒരു കാര്യം കാണുന്നു, മറ്റുള്ളവർ മറ്റെന്തെങ്കിലും കാണുന്നു. വർഷങ്ങളായി സത്യം ബോധപൂർവ്വം മറയ്ക്കാൻ ശ്രമിക്കുന്നവരിൽ നിന്നാണ് സിനിമകളോട് മോശമായ പ്രതികരണങ്ങൾ വരുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.