സുരക്ഷാ പരിശോധനക്കിടെ ധരിച്ചിരുന്ന ഷർട്ട് ഊരാൻ ആവശ്യപ്പെട്ടു. അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് ചെക്ക്പോയ്ന്റിൽ നിന്നത് അപമാനകരമായെന്നും അവർ കുറിച്ചു.
ബെംഗളൂരു: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ ഉദ്യോഗസ്ഥർ ഷർട്ട് അഴിപ്പിച്ചെന്ന് യുവഗായിക. സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ബെംഗളൂരു വിമാനത്താവളത്തിൽ നേരിട അനുഭവം വിദ്യാർഥിനിയും സംഗീതജ്ഞയുമായ യുവതി അറിയിച്ചത്. ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനക്കിടെ ധരിച്ചിരുന്ന ഷർട്ട് ഊരാൻ ആവശ്യപ്പെട്ടു. അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ട് ചെക്ക്പോയ്ന്റിൽ നിന്നത് അപമാനകരമായെന്നും അവർ കുറിച്ചു. ഒരു സ്ത്രീയും ഇത്തരമൊരവസ്ഥയിൽ നിൽക്കാൻ ആഗ്രഹിക്കില്ലെന്നും എന്തിനാണ് സ്ത്രീകളോട് വസ്ത്രം അഴിച്ചുമാറ്റാൻ ആവശ്യപ്പെടുന്നതെന്നും അവർ ചോദിച്ചു.
മറ്റുവിവരങ്ങളൊന്നും യുവതി പങ്കുവെച്ചില്ല. അതേസമയം, സംഭവം വിവാദമായതോടെ ഖേദം പ്രകടിപ്പിച്ച് വിമാനത്താവള അധികൃതർ രംഗത്തെത്തി. സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് യുവതിയുടെ ട്വീറ്റിന് മറുപടിയായി വിമാനത്താവള അധികൃതർ ട്വീറ്റ് ചെയ്തു. സുരക്ഷാ ചുമതലയുള്ള വിഭാഗത്തെയും കേന്ദ്ര സർക്കാരിന്റെ അധീനതയിലുള്ള സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനെയും (സിഐഎസ്എഫ്) സംഭവം ബോധ്യപ്പെടുത്തിയെന്നും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും യുവതിയോട് ഷർട്ട് അഴിയ്ക്കാൻ ആവശ്യപ്പെട്ടതിന്റെ സാഹചര്യം അന്വേഷിക്കുമെന്നും സുരക്ഷാ വിഭാഗം അധികൃതർ അറിയിച്ചു. സിഐഎസ്എഫ്, പൊലീസ് എന്നിവർക്ക് എന്തുകൊണ്ടാണ് പരാതി നൽകാത്തതെന്നും യുവതി ചോദിച്ചു.
