ദീപികയെ പിന്തുണച്ച കൊങ്കണ സെൻ ശർമ്മ, സിനിമാ വ്യവസായത്തിൽ സ്ത്രീകൾ നേരിടുന്ന വിവേചനം അവസാനിപ്പിക്കണമെന്നും എല്ലാവർക്കും, പ്രത്യേകിച്ച് സാങ്കേതിക പ്രവർത്തകർക്കും, കൃത്യമായ തൊഴിൽ സമയം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

അടുത്തിടെ ബോളിവുഡിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു ദീപിക പദുകോണിന്റെ 'കൽക്കി'യിൽ നിന്നുള്ള പുറത്താവൽ. വ്യത്യസ്ത രീതിയിലുള്ള ആഖ്യാനങ്ങളാണ് ഇതിന് പിന്നാലെ പുറത്തുവന്നത്. ദിവസം എട്ട് മണിക്കൂർ മാത്രമേ സിനിമയ്ക്ക് വേണ്ടി മാറ്റിവെയ്ക്കാൻ കഴിയൂ എന്ന ദീപികയുടെ തീരുമാനമാണ് താരത്തിന് പുറത്തേക്കുള്ള വഴിതെളിച്ചതെന്നും, രണ്ടാം ഭാഗത്തിൽ ദീപികയ്ക്ക് സ്‌ക്രീൻ ടൈം കുറവാണെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഒരുപാട് പുരുഷതാരങ്ങളും സൂപ്പർതാരങ്ങളും അമ്മയായ സ്ത്രീകളും എട്ട് മണിക്കൂർ മാത്രം ജോലി ചെയ്യുന്നത് തനിക്ക് അറിയാമെന്നും, എന്നാൽ അതൊന്നും വാർത്തയാവാതെ തന്റെ കാര്യത്തിൽ മാത്രം ഇത്രയും ചർച്ചയായത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് ഇതിന് മറുപടിയായി ദീപിക പ്രതികരണമറിയിച്ചത്. ഇപ്പോഴിതാ ദീപികയുടെ പ്രസ്താവനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് കൊങ്കണ സെൻ ശർമ്മ

'സ്ത്രീകൾ കുട്ടികളെ ഉപേക്ഷിച്ച് കൂടുതൽ സമയം ജോലി ചെയ്യുന്ന അവസ്ഥയുണ്ടാവരുത്'

"ദീപികയുടെ പേര് കേൾക്കുമ്പോൾ അവർ വളരെ പുരോഗമനവാദിയാണെന്ന് എനിക്ക് തോന്നാറുണ്ട്, അവരെ പോലെ ഒരുപാട് പേരെ നമുക്ക് ആവശ്യമുണ്ട്. സിനിമാ ഇൻഡസ്ട്രിയിൽ ചില നിയമങ്ങൾ വേണമെന്ന് ഞാൻ കരുതുന്നു. നമുക്ക് 14-15 മണിക്കൂർ ജോലി ചെയ്യാൻ സാധിക്കില്ല. നമുക്ക് 12 മണിക്കൂർ ടേൺഎറൗണ്ട് ഉണ്ടായിരിക്കണം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവധി ലഭിക്കണം. പ്രത്യേകിച്ച് സാങ്കേതിക പ്രവർത്തകർക്ക്. അത് തുല്യമായിരിക്കണം. പുരുഷ അഭിനേതാക്കൾ വൈകി വരികയും, വൈകി ജോലി ചെയ്യുകയും, സ്ത്രീകൾ തങ്ങളുടെ കുട്ടികളെ ഉപേക്ഷിച്ച് കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവാൻ പാടില്ല." ഫിലിംഗ്യാന് നൽകിയ അഭിമുഖത്തിലായിരുന്നു കൊങ്കണയുടെ പ്രതികരണം.