കൊമേഴ്‍സ്യല്‍ സിനിമയുടെ ഭാഗമാണു താനെന്ന് പറയാന്‍ മടിയില്ലാത്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു സച്ചി എന്ന കെ ആര്‍ സച്ചിദാനന്ദന്‍. അതേസമയം മുഖ്യധാരയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ തന്നെ സ്വന്തം സിനിമകളില്‍ തന്‍റേതായ കൈയ്യൊപ്പ് ചാര്‍ത്തുകയും ചെയ്‍തു സച്ചി. തിരക്കഥാ പങ്കാളിയായിരുന്ന സേതുവിനൊപ്പം ഷാഫി സംവിധാനം ചെയ്‍ത 'ചോക്ലേറ്റ്' എന്ന സിനിമയിലൂടെയാണ് സച്ചിയുടെ തിരക്കഥാ അരങ്ങേറ്റം. ചിത്രം വിജയം കണ്ടതോടെ നാല് സിനിമകള്‍ കൂടി സച്ചി-സേതു തിരക്കഥാ കൂട്ടുകെട്ടിനു ലഭിച്ചു. സംവിധായകരായി വീണ്ടും ഷാഫിയും ഒപ്പം ജോഷിയും വൈശാഖുമൊക്കെ എത്തി. റോബിന്‍ഹുഡും മേക്കപ്പ്മാനും സീനിയേഴ്‍സുമൊക്കെ തീയേറ്ററുകളില്‍ ആളെക്കൂട്ടിയതോടെ മുഖ്യധാരാ മലയാളസിനിമയിലെ പേരുള്ള തിരക്കഥാ കൂട്ടുകെട്ടായി ഇവര്‍.

 

എന്നാല്‍ ഒരുമിച്ചുള്ള എഴുത്തില്‍ നിന്ന് മാറി ഒറ്റയ്ക്കൊറ്റയ്ക്ക് പരിശ്രമിച്ചു നോക്കാനായിരുന്നു ഇരുവരുടെയും തീരുമാനം. 2012ല്‍ ജോഷിയുടെ സംവിധാനത്തിലെത്തിയ 'റണ്‍ ബേബി റണ്ണി'ലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി സച്ചി. അതേവര്‍ഷം തന്നെ ഷാജൂണ്‍ കാര്യാലിന്‍റെ സംവിധാനത്തില്‍ ചേട്ടായീസ് എന്ന ചിത്രവുമെത്തി. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണം നേടിയ സിനിമകളായിരുന്നു ഇവ രണ്ടും. എന്നാല്‍ മൂന്ന് വര്‍ഷത്തേയ്ക്ക് സച്ചിയുടെ പേര് ടൈറ്റിലുകളില്‍ തെളിഞ്ഞില്ല. തിരക്കഥാകൃത്ത് എന്ന നിലയില്‍ നിന്നും സംവിധായകന്‍റെ കസേരയിലേക്കുള്ള മാറ്റമായിരുന്നു പിന്നീട്. 

അങ്ങനെ പൃഥ്വിരാജിനെയും ബിജു മേനോനെയും നായകനാക്കി 2015ല്‍ പുറത്തെത്തിയ റൊമാന്‍റിക് ത്രില്ലര്‍ ചിത്രം അനാര്‍ക്കലിയിലൂടെ സച്ചി എന്ന സംവിധായകന്‍ പ്രേക്ഷകരിലേക്കെത്തി. തിരക്കഥാകൃത്തുക്കളായി തിളങ്ങിയിട്ടുള്ള പലരും ക്യാമറയ്ക്കു പിന്നിലെത്തിയപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാതെ പോയിട്ടുണ്ട്. എന്നാല്‍ അതിന് അപവാദമായവരുടെ കൂട്ടത്തിലായിരുന്നു സച്ചി. കൊള്ളാവുന്ന സംവിധായകരുടെ നിരയിലേക്ക് സംവിധാനം ചെയ്ത ആദ്യ ചിത്രത്തിലൂടെ സച്ചി കസേരയിട്ട് ഇരുന്നു. എന്നാല്‍ വിജയചിത്രത്തിനു ശേഷവും തിരക്കഥാകൃത്തായി തുടരാന്‍ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ തീരുമാനം. 

 

നവാഗതനായ അരുണ്‍ ഗോപി ദിലീപിനെ നായകനാക്കി ഒരുക്കിയ രാമലീല, ഷാഫി സംവിധാനം ചെയ്‍ത ഷെര്‍ലക്ക് ടോംസ്, പൃഥ്വിരാജിനെയും സുരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്‍ത ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയാണ് തിരക്കഥാകൃത്തായി സച്ചിയുടെ പിന്നീടുള്ള സിനിമകള്‍. പിന്നാലെ കരിയറിലെ ഏറ്റവും വലിയ വിജയമായ, സംവിധാനം ചെയ്‍ത രണ്ടാം ചിത്രമായ അയ്യപ്പനും കോശിയും ഈ വര്‍ഷം പുറത്തെത്തി. 

 

തിരക്കഥാകൃത്ത് എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും സച്ചിയിലെ ചലച്ചിത്രകാരന്‍റെ വളര്‍ച്ച പ്രേക്ഷകര്‍ക്കു മുന്നില്‍ ലളിതമായി തുറന്നുവച്ച ചിത്രമായിരുന്നു ഇത്. ഒരു റിട്ടയേര്‍ഡ് ഹവില്‍ദാര്‍ക്കും ഒരു പൊലീസ് ഓഫീസര്‍ക്കും ഇടയിലുണ്ടാവുന്ന ഈഗോ ക്ലാഷിനു പിന്നാലെ ഒട്ടും ബോറടിപ്പിക്കാതെ പ്രേക്ഷകരെ ഒപ്പം കൂട്ടുകയായിരുന്നു അദ്ദേഹം. ക്രാഫ്റ്റില്‍ അനാര്‍ക്കലിയെക്കാളും മികച്ചു നില്‍ക്കുന്ന ചിത്രം മലയാളം ബോക്സ് ഓഫീസിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിമാറി. കൊവിഡ് ഭീഷണി കാരണം തീയേറ്ററുകള്‍ അടയ്ക്കുമ്പോഴും അയ്യപ്പനും കോശിക്കും പ്രേക്ഷകരുണ്ടായിരുന്നു. സച്ചി പറഞ്ഞ കഥ ഭാഷാഭേദമന്യെ സിനിമാപ്രേമികള്‍ ഏറ്റെടുത്തു എന്നതിന്‍റെ തെളിവായിരുന്നു ഒടിടി റിലീസിനു പിന്നാലെ മലയാളികള്‍ അല്ലാത്ത പ്രേക്ഷകര്‍ ട്വിറ്ററിലും മറ്റും കുറിച്ച ആസ്വാദനങ്ങള്‍. ചിത്രത്തിന്‍റെ ഹിന്ദി, തമിഴ് റീമേക്കുകളടക്കം വരാനിരിക്കുമ്പോഴാണ് അതിന്‍റെ യഥാര്‍ഥ സൃഷ്ടാവ് വിടവാങ്ങുന്നത്.