Asianet News MalayalamAsianet News Malayalam

'ലോകത്തിലെ മികച്ച ചികിത്സാരംഗമെന്ന് ഉറപ്പിച്ച് പറയാം'; കേരളത്തിലെ ആരോഗ്യ മേഖലയെ പ്രശംസിച്ച് രഞ്ജിനി

'വിദഗ്‍ധര്‍ ഇവിടെ പടിവാതില്‍ക്കലുള്ളപ്പോള്‍ പലരും ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നത് എന്തിനാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി.'

worlds best healthcare is in kerala says actress ranjini
Author
Thiruvananthapuram, First Published Apr 3, 2020, 10:14 PM IST

കൊവിഡ് 19 ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍‌ രോഗമുക്തി നേടിയത് കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ മികവാണ് കാണിക്കുന്നതെന്ന് നടി രഞ്ജിനി. നമ്മുടെ ആരോഗ്യ മേഖലയ്ക്ക് ലോകത്തിലെ തന്നെ ഏറ്റവും മികച്ചതെന്ന് പ്രഖ്യാപിക്കാന്‍ കഴിയുമെന്നും ലോക രാജ്യങ്ങളില്‍ യാത്ര ചെയ്‍തിട്ടുള്ള സ്വന്തം അനുഭവം വച്ച് അങ്ങനെയാണ് താന്‍ വിശ്വസിക്കുന്നതെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. വൃദ്ധ ദമ്പതികള്‍ കൊവിഡ് 19 മോചിതരായ വാര്‍ത്ത ഷെയര്‍ ചെയ്‍തുകൊണ്ടാണ് രഞ്ജിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

"ആ മുതിര്‍ന്ന ദമ്പതികള്‍ കൊവിഡ് 19 മുക്തരായി ആശുപത്രി വിടുന്ന കാഴ്‍ച ഒരുപാട് സന്തോഷം നല്‍കി. നമ്മുടെ ആരോഗ്യ മേഖലയ്ക്ക് സല്യൂട്ട്. ലോകത്തിലെ ഏറ്റവും മികച്ചതെന്ന് നമ്മുടെ ആരോഗ്യ മേഖലയെക്കുറിച്ച് അഭിമാനപൂര്‍വ്വം നമുക്ക് പ്രഖ്യാപിക്കാം. വിദേശത്ത് താമസിച്ചതിന്‍റെയും യാത്ര ചെയ്തതിന്‍റെയും  സ്വന്തം അനുഭവത്തില്‍, ഏറ്റവും മികച്ച ചികിത്സാരംഗം കൊണ്ട് അനുഗ്രഹീതമാണ് കേരളമെന്ന് ഞാന്‍ പറയും. വിദഗ്‍ധര്‍ ഇവിടെ പടിവാതില്‍ക്കലുള്ളപ്പോള്‍ പലരും ചികിത്സയ്ക്കായി വിദേശത്തേക്ക് പോകുന്നത് എന്തിനാണെന്ന് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ക്കെല്ലാം നന്ദി. മറ്റ് ജീവനക്കാരെയും വിസ്‍മരിക്കുന്നില്ല. വെല്‍ ഡണ്‍. ഇതുപോലെ പ്രവര്‍ത്തിക്കുന്നത് തുടരുക. നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ വീട്ടിലിരിക്കും", രഞ്ജിനി കുറിച്ചു.

പത്തനംതിട്ട റാന്നി സ്വദേശികളായ തോമസും (93) ഭാര്യ മറിയാമ്മ (88)യും ഇന്ന് വൈകിട്ടാണ് ആശുപത്രി വിട്ടത്. കൊവിഡ് 19 ബാധിച്ചതിന് ശേഷം രോഗം ഭേദമായി മടങ്ങുന്ന രാജ്യത്തെ ഏറ്റവും പ്രായം കൂടിയ ആളാണ് തോമസ്. അതേസമയം സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്കാണ് ഇന്ന് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ ഏഴ് പേര്‍ കാസര്‍കോട്ടുകാരാണ്. 

Follow Us:
Download App:
  • android
  • ios