പതിനൊന്ന് ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. 1965-ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുള്ള ഈ പീരിയഡ് ഡ്രാമയിൽ രവി മോഹൻ, ശ്രീലീല, ബേസിൽ ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്.
ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ 'പരാശക്തി' ആഗോള ബോക്സ് ഓഫീസിൽ നിന്നും 100 കോടി കളക്ഷൻ സ്വന്തമാക്കി. തമിഴ്‍നാട്ടില്‍ മാത്രം ആദ്യ ദിനം 12.5 കോടി രൂപ നേടിയ ചിത്രം പതിനൊന്ന് ദിവസങ്ങൾ കൊണ്ടാണ് 100 കോടി കളക്ഷൻ സ്വന്തമാക്കിയിരിക്കുന്നത്. നിർമാതാക്കളായ ഡോൺ പിക്ചേഴ്സ് ആണ് ഔദ്യോഗികമായി കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
രാഷ്ട്രീയ പ്രവേശനത്തിനിറങ്ങും മുൻപ് കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തിയ വിജയ്‍യുടെ ജനനായകനുമായി പൊങ്കൽ ക്ലാഷ് റിലീസായിരുന്നു പരാശക്തി, എന്നാൽ സെൻസർ വിവാദത്തിൽപെട്ട ജന നായകൻ റിലീസ് മാറ്റിവച്ചെങ്കിലും സുധ കൊങ്കര ചിത്രത്തിന് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ചിത്രത്തിനെതിരെ നടക്കുന്നത് ആസൂത്രിത സൈബർ ആക്രമണവും നെഗറ്റീവ് റിവ്യൂസും ആണെന്ന് പറഞ്ഞ സുധ കൊങ്കര വിജയ്‌യുടെ പേര് പരാമർശിക്കാതെയായിരുന്നു പ്രതികരണം നടത്തിയത്.
ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ‘പരാശക്തി’ യുടെ കേരളാ വിതരണാവകാശം ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്. പീരിയഡ് ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഥർവയും ശിവകാർത്തികേയനും സഹോദരന്മാരായാണ് ചിത്രത്തില്‍ എത്തുന്നത്. തെലുങ്ക് താരം ശ്രീലീലയും പ്രധാന വേഷത്തില്‍ ചിത്രത്തില്‍ എത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ഒഫീഷ്യൽ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്.
1965ലെ തമിഴ്നാട്ടിലെ ഹിന്ദി വിരുദ്ധ സമരത്തിന്‍റെയും മറ്റും പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ്. നായക വേഷത്തില്‍ മാത്രം കണ്ട രവി മോഹന്‍റെ പുതിയ രൂപമായിരിക്കും ചിത്രത്തിലേത്. തെലുങ്ക് നടി ശ്രീലീലയുടെ ആദ്യ തമിഴ് സിനിമ കൂടിയാണ് പരാശക്തി. നേരത്തെ സൂര്യ, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന വേഷത്തില്‍ കാസ്റ്റ് ചെയ്ത് പ്രഖ്യാപിക്കപ്പെട്ട പുറനാനൂര്‍ എന്ന ചിത്രമാണ് ഇപ്പോള്‍ പരാശക്തി ആയത് എന്നാണ് വിവരം. അതേസമയം, മലയാളത്തിൽ നിന്നും ബേസില്‍ ജോസഫും പരാശക്തിയിൽ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.



