മോഹൻലാൽ സിനിമയിലുണ്ടോ എന്നതിനും നൂറിൻ വ്യക്തത വരുത്തുന്നുണ്ട്.
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ഭഭബ. ഭയം ഭക്തി ബഹുമാനം എന്നാണ് ചിത്രത്തിന്റെ പൂർണ പേര്. ദിലീപ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസനും വിനീത് ശ്രീനിവാസനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഒരു ഫുൾ ഓൺ എന്റർടെയ്നറാകും ചിത്രമെന്നാണ് അപ്ഡേറ്റുകളിൽ നിന്നെല്ലാം വ്യക്തമായത്. ഭഭബയുടെ പ്രധാന അപ്ഡേറ്റ് ജൂലൈ 4ന് വാരാനിരിക്കുകയാണ്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് തിരക്കഥാകൃത്തുക്കളിൽ ഒരാളും നടിയുമായ നൂറിൻ ഷെരീഫ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.
ഭഭബയ്ക്കായി ആദ്യം തീരുമാനിച്ചിരുന്നത് ദിലീപിനെ അല്ലായിരുന്നുവെന്നും പോകേ പോകേ അദ്ദേഹം വന്നാൽ നന്നാകും എന്ന് കരുതിയെന്നും നൂറിൻ പറയുന്നു. മോഹൻലാൽ സിനിമയിലുണ്ടോ എന്നതിനും നൂറിൻ വ്യക്തത വരുത്തുന്നുണ്ട്. സിനിമ മികച്ചതായി വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നൂറിൻ പറഞ്ഞു.
"കോമഡി- മാസ് സിനിമയാണ് ഭഭബ. ഫാമിലിയായി കാണാൻ പറ്റിയ ഒരു പക്കാ എന്റർടെയ്നർ. സാധാരണക്കാരുടെ സിനിമ. ഞങ്ങളുടെ ഫസ്റ്റ് തിരക്കഥയാണിത്. അത് ബെസ്റ്റായിട്ട് ചെയ്യണം എന്നുണ്ട്. അതങ്ങനെ വരുമെന്നാണ് ഞങ്ങൾ വിചാരിക്കുന്നതും. എഴുതാനായി രണ്ട് വർഷത്തോളം എടുത്തിരുന്നു. ദിലീപേട്ടന് പകരം ആദ്യം പ്രണവിനെ വച്ച് ചെയ്യാമെന്നാണ് ആലോചിച്ചത്. പക്ഷേ അത് കറക്ടായി പ്ലെയ്സ് ആയില്ല. വിനീത് ഏട്ടൻ(വിനീത് ശ്രീനിവാസൻ) ആദ്യമെ ഉണ്ടായിരുന്നു. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ദിലീപേട്ടൻ വന്നാൽ നന്നായിരിക്കും എന്ന് തോന്നി. സ്ക്രിപ്റ്റിന് മാറ്റവും വരുത്തി. അത്യാവശ്യം നല്ല രീതിയിൽ തന്നെ", എന്ന് നൂറിൻ ഷെരീഫ് പറഞ്ഞു. റെഡ് എഫ്എമ്മിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.

സിനിമ പ്രഖ്യാപിച്ച് കുറച്ച് കഴിഞ്ഞപ്പോൾ മുതൽ മോഹൻലാൽ ക്യാമിയോ റോളിൽ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചില താരങ്ങൾ അക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തിന്, "ലാലേട്ടൻ വരണമെന്ന് ഞങ്ങൾക്ക് ആഗ്രഹമുണ്ട്. അദ്ദേഹത്തോട് പറഞ്ഞിട്ടുമുണ്ട്. എല്ലാം ഒത്തുവന്നാൽ ലാലേട്ടൻ ഉണ്ടാകും. അതാണ് ഞങ്ങളുടെയും ആഗ്രഹം. പ്രതീക്ഷയിലാണ്", എന്നായിരുന്നു നൂറിന്റെ മറുപടി. നൂറിൻ ഷെരീഫും ഭര്‍ത്താവും നടനുമായ ഫാഹിം സഫറും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.



