സുശാന്ത് സിംഗ് ഒപ്പിട്ടിരുന്ന കരാറുകളുടെ കോപ്പി യാഷ് രാജ് ഫിലിംസ് പൊലീസിന് കൈമാറി.

ഹിന്ദി സിനിമ ലോകത്തെ ഞെട്ടിച്ച മരണമായിരുന്നു സുശാന്ത് സിംഗ് രാജ്‍പുതിന്റേത്. സുശാന്തിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. സുശാന്തിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമല്ല. പക്ഷേ ഹിന്ദി സിനിമ ലോകത്തെ വിവേചനങ്ങളും വേര്‍തിരിവുമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് താരങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയിരുന്നു. വിവാദവുമായിരുന്നു. സുശാന്ത് സിംഗ് അവസാനമായി കരാര്‍ ഒപ്പിട്ടതിന്റെ പകര്‍പ്പുകള്‍ പൊലീസ് നിര്‍ദ്ദേശപ്രകാരം യാഷ് രാജ് ഫിലിംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെന്നാണ് പുതിയ വാര്‍ത്ത.

കരാറുകളുടെ വിവരങ്ങള്‍ അന്വേഷിച്ച് ബാന്ദ്ര പൊലീസ് 18ന് യാഷ് രാജ് ഫിലിംസിന് കത്തയച്ചിരുന്നു. സുശാന്ത് സിംഗ് ഒപ്പിട്ട കരാറിന്റെ പകര്‍പ്പ് യാഷ് രാജ് ഫിലിംസ് ഇന്ന് കൈമാറിയെന്നുമാണ് റിപ്പോര്‍ട്ട്. ഡെപ്യൂട്ടി കമ്മിഷണര്‍
ഓഫ് പൊലീസ് അഭിഷേക് ത്രിമുഖെ ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട 15 ആള്‍ക്കാരുടെ മൊഴി പൊലീസ് എടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളും, സ്റ്റാഫും അടുത്ത സുഹൃത്തായ റിയ ചക്രബര്‍ത്തിയുടെയും ഉള്‍പ്പടെയാണ് ഇത്. കായ് പോ ചെ, എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി തുടങ്ങിയ സിനിമകളിലൂടെ വളരെപ്പെട്ടെന്നു തന്നെ ശ്രദ്ധേയനായ നടനായിരുന്നു സുശാന്ത് സിംഗ്.