താന്‍ പ്രതിനിധീകരിക്കുന്ന ലോക്‌സഭാ മണ്ഡലമായ തിരുവനന്തപുരത്തിന്റെ പേര് മാറ്റാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരിക്കലും ആവശ്യപ്പെടില്ലെന്ന് ശശി തരൂര്‍ എംപി. താന്‍ ആദ്യമായി ഭാഗഭാക്കായ സ്റ്റാന്‍ഡ് അപ്പ് കോമഡി 'വണ്‍ മൈക്ക് സ്റ്റാന്‍ഡി'ന്റെ വേദിയിലാണ് 'തിരുവനന്തപുരം' എന്ന പേരിലൂന്നിയുള്ള നേരമ്പോക്കുകള്‍ ശശി തരൂര്‍ പറഞ്ഞത്.

ALSO READ: 'എന്റെ 'റികാല്‍സിട്രന്‍സ്' ക്ഷമിക്കൂ'; സ്റ്റാന്‍ഡ് അപ്പ് കോമഡിയിലും കടുകട്ടി വാക്കുപയോഗിച്ച് ശശി തരൂര്‍

'ഞാനൊരു പാര്‍ലമെന്റ് അംഗമാണെന്ന് നിങ്ങള്‍ക്കറിയാം. തിരുവനന്തപുരത്തെയാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. ഏഴ് സിലബിളുകളില്‍ (syllable) കുറഞ്ഞ പേരുള്ള ഒരു മണ്ഡലം എന്റെ ഭാഷാപരമായ കഴിവ് സംബന്ധിച്ച് പാഴായിപ്പോവുമായിരുന്നു. വസ്തുത എന്താണെന്നുവച്ചാല്‍, ദൈര്‍ഘ്യമേറിയ പേരുള്ള ഒരു മണ്ഡലമാണ് ഞാന്‍ നോക്കിയിരുന്നത്, യോഗിജി നഗരങ്ങളുടെ പേരുകള്‍ മാറ്റുന്ന തിരക്കിലാണെങ്കില്‍ക്കൂടി. പക്ഷേ തിരുവനന്തപുരത്തെ അദ്ദേഹം തൊടില്ലെന്ന് എനിക്കറിയാമായിരുന്നു. കാരണം അത് റാം (Ram) എന്നാണ് അവസാനിക്കുന്നത്', സദസ്സിന്റെ പൊട്ടിച്ചിരികള്‍ക്കിടെ ശശി തരൂര്‍ പറഞ്ഞു.

ആമസോണ്‍ പ്രൈം വീഡിയോയുടെ സ്റ്റാന്‍ഡ് അപ്പ് കോമഡി സിരീസിലാണ് ശശി തരൂര്‍ പങ്കാളിയായത്. 'വണ്‍ മൈക്ക് സ്റ്റാന്‍ഡ്' എന്ന അഞ്ച് എപ്പിസോഡുകളുള്ള സിരീസിന്റെ പ്രീമിയര്‍ വെള്ളിയാഴ്ച ആയിരുന്നു. തരൂരിനെ കൂടാതെ ബോളിവുഡ് നടിമാരായ തപ്‌സി പന്നു, റിച്ച ഛദ്ദ, പാട്ടുകാരനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‌ലാനി, യുട്യൂബ് ക്രിയേറ്റര്‍ ഭുവന്‍ ബാം എന്നിവരാണ് ഷോയില്‍ പങ്കെടുക്കുന്നത്. കൊമേഡിയന്‍ സപന്‍ വര്‍മ്മയാണ് ഷോ സംവിധാനം ചെയ്തിരിക്കുന്നത്.