ചെന്നൈ: തമിഴ് ഹാസ്യനടന്‍ യോഗി ബാബു വിവാഹിതനായി.  മഞ്ജു ഭാര്‍ഗവിയാണ് വധു. തമിഴ്‌നാട്ടിലെ തിരുട്ടനിയിലുളള മുരുഗന്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. യോഗി ബാബുവിന്‍റെ കുല ക്ഷേത്രമാണ് തിരുട്ടനിയിലേത്. ഹാസ്യ താരമെന്നതിലുപരി നായക വേഷങ്ങളും യോഗി ബാബു അഭിനയിച്ചിട്ടുണ്ട്.

സിനിമാ സുഹൃത്തുക്കള്‍ക്കായി മാര്‍ച്ചില്‍ ചെന്നൈയില്‍ വെച്ച് വിവാഹ സല്‍ക്കാരം നടത്തും. ധനുഷ് നായകനാവുന്ന കര്‍ണന്‍ എന്ന ചിത്രത്തിലാണ് യോഗി ബാബു ഒടുവില്‍ അഭിനയിച്ചത്. കോളിവുഡില്‍ താരമൂല്യം കൂടിയ കോമഡി താരം കൂടിയാണ് യോഗി ബാബു. 2009ല്‍ പുറത്തിറങ്ങിയ യോഗി എന്ന ചിത്രമാണ് യോഗി ബാബുവിന് ഈ പേര് നല്‍കിയത്. മാന്‍ കരാട്ടെ, റെമോ, കൊലമാവ് കോകില തുടങ്ങിയവയാണ് നടന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രങ്ങള്‍.