പോത്തൻകോട് അയിരൂപ്പാറ പ്രദേശത്തെ നിരോധിത സിന്തറ്റിക് ലഹരിയുടെ ചില്ലറവില്പനക്കാരനാണ് ഷെജീഫ്. 

തിരുവനന്തപുരം: തലസ്ഥാനത്ത് 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കഴക്കൂട്ടം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് വെമ്പായം മയിലാടുംമുകൾ സ്വദേശി ഷെജീഫ് (35) പിടിയിലായത്. കഴക്കൂട്ടം എക്സൈസ് സംഘം മംഗലപുരം, പോത്തൻകോട്, അയിരൂപ്പാറ എന്നിവിടങ്ങളിൽ ലഹരി വില്പന നടത്തുന്നവരെ നിരീക്ഷിച്ച് വരുന്നതിനിടെ പോത്തൻകോട് അയിരൂപ്പാറയിൽ വച്ചാണ് ഇയാളെ പിടികൂടിയത്.

ഈ പ്രദേശത്തെ നിരോധിത സിന്തറ്റിക് ലഹരിയുടെ ചില്ലറവില്പനക്കാരനാണ് ഷെജീഫ്. വിൽപ്പനയ്ക്കായി ഒളിപ്പിച്ച എംഡിഎംഎ പരിശോധനയിൽ കണ്ടെത്തി. ആദ്യമാണ് ഇയാൾ എക്സൈസിന്റെ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതിനിടെ ആലപ്പുഴ മാവേലിക്കരയിൽ വീട്ടിൽ ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന 4 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഭരണിക്കാവ് സ്വദേശിയായ കിഷോറിന്റെ വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എക്സൈസ് സംഘം എത്തുന്നതിന് തൊട്ടുമുമ്പ് പ്രതി കിഷോർ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

പ്രതിക്കായി ഉള്ള അന്വേഷണം ഊർജ്ജിതമാക്കി. മാവേലിക്കര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.എ.സഹദുള്ളയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ബെന്നി മോൻ.വി, ഗോപകുമാർ.ജി, പ്രിവന്റീവ് ഓഫീസർമാരായ യു. അനു, പ്രവീൺ.ബി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.