Asianet News MalayalamAsianet News Malayalam

'മണ്‍ഡേ ടെസ്റ്റ്' മറികടക്കാന്‍ നിര്‍മ്മാതാക്കളുടെ തന്ത്രം; പഠാന്‍റെ ടിക്കറ്റ് റേറ്റ് കുറച്ചു

പിവിആര്‍, ഐനോക്സ്, സിനിപൊളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളിലാണ് വൈആര്‍എഫ് ഇത് പരീക്ഷിച്ചത്

yrf drops pathaan ticket rates in weekdays at multiplexes pvr inox cinepolis shah rukh khan nsn
Author
First Published Feb 7, 2023, 4:44 PM IST

പ്രേക്ഷകരെ എത്രത്തോളം ആകര്‍ഷിക്കുന്ന സിനിമകള്‍ ആണെങ്കിലും തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിനങ്ങളില്‍ കളക്ഷന്‍ താരതമ്യേന കുറവായിരിക്കും. പ്രത്യേകിച്ചും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിനങ്ങളില്‍. വാരാന്ത്യത്തിലെ അവധി ആഘോഷത്തിന്‍റെ ഭാഗമായി കുടുംബങ്ങള്‍ ഉള്‍പ്പെടെ തിയറ്ററുകളിലേക്ക് കൂട്ടമായി എത്തും എന്നതാണ് അതിന് കാരണം. ശേഷം തിങ്കളാഴ്ച മുതലുള്ള പ്രവര്‍ത്തിദിനങ്ങളില്‍ കളക്ഷന്‍ സ്വാഭാവികമായും കുറയും. എന്നാല്‍ പ്രവര്‍ത്തി ദിനങ്ങളിലെ കളക്ഷനില്‍ ഉണ്ടാവാറുള്ള ഈ ഇടിവ് നികത്താന്‍ ഒരു തന്ത്രം പരീക്ഷിച്ചിരിക്കുകയാണ് പഠാന്‍ നിര്‍മ്മാതാക്കളായ യഷ് രാജ് ഫിലിംസ്. പ്രവര്‍ത്തി ദിനങ്ങളില്‍ ചിത്രത്തിന്‍റെ ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തിക്കൊണ്ടാണ് ഈ പരീക്ഷണം. 

രാജ്യമാകെ സ്ക്രീനുകള്‍ ഉള്ള പിവിആര്‍, ഐനോക്സ്, സിനിപൊളിസ് എന്നീ മള്‍ട്ടിപ്ലെക്സ് ചെയിനുകളിലാണ് വൈആര്‍എഫ് ഇത് പരീക്ഷിച്ചത്. അതിന്‍റെ നേട്ടം ഉണ്ടാവുകയും ചെയ്തു. ഫലം വെള്ളിയാഴ്ച കളക്ഷനില്‍ നിന്ന് വലിയ ഇടിവ് സംഭവിക്കാതെയാണ് തിങ്കളാഴ്ച കളക്ഷന്‍. പ്രമുഖ ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്ക് പ്രകാരം പിവിആറില്‍ ഈ വെള്ളിയാഴ്ച പഠാന്‍ കണ്ടത് 99,120 പേരാണെങ്കില്‍ തിങ്കളാഴ്ച ഇത് 92,922 പേരാണ്. ഐനോക്സില്‍ യഥാക്രമം 83,461, 81,850, സിനിപൊളിസില്‍ 44,009, 38,196 എന്നിങ്ങനെയാണ് വിറ്റ ടിക്കറ്റുകളുടെ കണക്കുകള്‍.

ALSO READ : വിജയ് ചിത്രം വിജയമോ? ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് 'വാരിസ്' ഇതുവരെ നേടിയത്

കൊവിഡ് കാലത്ത് ബോളിവുഡ് വലിയ തകര്‍ച്ച നേരിട്ടപ്പോള്‍ പല ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ ചില നിശ്ചിത ദിനങ്ങളിലേക്ക് ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തി പരീക്ഷണം നടത്തിയിരുന്നു. എന്നാല്‍ പഠാന്‍ പോലെ ഇത്രയും വലിയ വിജയം നേടിയ ഒരു ചിത്രത്തിന്‍റെ ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തുന്നത് ഇത് ആദ്യമായാണ്. അതേസമയം അന്തര്‍ദേശീയ ബോക്സ് ഓഫീസില്‍ കുതിപ്പ് തുടരുകയാണ് ചിത്രം. 

Follow Us:
Download App:
  • android
  • ios