സിനില്‍ സൈനുദ്ദീന്റെ വിവാഹ റിസപ്ഷന് ലാല്‍, സിദ്ധിഖ് തുടങ്ങിയവരും പങ്കെടുത്തു.

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായിരുന്ന സൈനുദ്ദീന്റെ മകൻ സിനിലിന്റെ വിവാഹം (Zinil Sainuddeen wedding) കഴിഞ്ഞ ദിവസമായിരുന്നു. വധു ഹുസൈനയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇപോഴിതാ സിനില്‍ സൈനുദ്ദീന്റെ വിവാഹ റിസപ്ഷന്റെയും വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

സംവിധായകരായ ലാല്‍, സിദ്ധിഖ് ഉള്‍പ്പടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ വിവാഹ വിരുന്നില്‍ പങ്കെടുത്തു. ആഘോഷപൂര്‍വമായിരുന്നു സിനില്‍ സൈനുദ്ദീന്റെ വിവാഹ വിരുന്ന്. സിനില്‍ സൈനുദ്ദീൻ വിവാഹ ഫോട്ടോകള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. 'എതിരെ' എന്ന ചിത്രമാണ് സിനില്‍ സൈനുദ്ദീൻ അഭിനയിക്കുന്നതായി ഏറ്റവും ഒടുവില്‍ അറിയിച്ചത്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനാകുന്നത്. സേതുവാണ് 'എതിരെ' ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. 'എതിരെ' എന്ന ചിത്രം സിനില്‍ സൈനുദ്ദീനും ഏറെ പ്രതീക്ഷകളുള്ളതാണ്.

ഒരു മിസ്റ്ററി ചിത്രമായിരിക്കും 'എതിരെ'. എന്തായിരിക്കും 'എതിരെ' ചിത്രത്തിന്റെ പ്രമേയം എന്നത് അറിയിച്ചിട്ടില്ല. സിനില്‍ സൈനുദ്ദീന്റെയടക്കം കഥാപാത്രത്തെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 'എതിരെ' എന്ന ചിത്രം നിര്‍മിക്കുന്നത് എസ് രമേഷ് പിള്ളയാണ്.

അമല്‍ കെ ജോബിയാണ് 'എതിരെ' സംവിധാനം ചെയ്യുന്നത്. നൈല ഉഷയും ചിത്രത്തില്‍ പ്രധാന കഥാപാത്രമാകുന്നു. ഒരു പ്രധാന കഥാപാത്രമായി റഹ്‍മാനും എത്തുന്നുണ്ട്. സിനില്‍ സൈനുദ്ദീൻ വെള്ളിത്തിരയിലും കൂടുതല്‍ വേഷങ്ങളുമായി എത്താൻ കാത്തിരിക്കുകയാണ്.