ടൊവീനോ തോമസ് സംവിധായകന്‍റെ റോളിലെത്തുന്ന 'ആന്‍ഡ് ദി ഓസ്‍കാര്‍ ഗോസ് ടു' എന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. അലന്‍സ് മീഡിയയുടെ ബാനറില്‍ സലിം അഹമ്മദ് തന്നെ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനു സിത്താരയാണ് നായിക. ലാല്‍, ശ്രീനിവാസന്‍, സിദ്ദിഖ്, സലിംകുമാര്‍ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇസഹാക്ക് ഇബ്രാഹിം എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ആദാമിന്‍റെ മകന്‍ അബു, കുഞ്ഞനന്തന്‍റെ കട, പത്തേമാരി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മധു അമ്പാട്ടാണ് ഛായാഗ്രഹണം. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. സംഗീതം ബിജിബാല്‍. സംവിധായകരാവാനായി കഷ്ടപ്പെടുന്ന ആളുകളുടെ ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് സലിം അഹമ്മദ് നേരത്തേ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. ലോസ് ആഞ്ചലസ്, കാനഡ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണമെന്ന് അറിയുന്നു.