'അങ്കമാലി ഡയറീസ്' എന്ന ആദ്യചിത്രത്തിലൂടെ പ്രേക്ഷകരില്‍ മതിപ്പുളവാക്കിയ നടനാണ് ശരത്. ആദ്യകഥാപാത്രമായ 'അപ്പാനി രവി'യിലെ 'അപ്പാനി' എന്നത് ശരത്തിന്റെ പേരിന് മുന്‍പ് സ്‌നേഹപൂര്‍വ്വം ചേര്‍ത്തുവിളിക്കപ്പെട്ടതായിരുന്നു ഈ നടനുള്ള ആദ്യ അംഗീകാരം. ഇപ്പോഴിതാ ആദ്യ സിനിമയിലെ കഥാപാത്രത്തേക്കാള്‍ ഒരുപക്ഷേ ഗംഭീരമാകാവുന്ന മറ്റൊരു വേഷത്തില്‍ എത്തുകയാണ് ശരത്ത്. സീ 5 തമിഴില്‍ നിര്‍മ്മിക്കുന്ന വെബ് സിരീസില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അപ്പാനി ശരത്ത്.

'ഓട്ടോ ഷങ്കര്‍' എന്ന പേരിലെത്തുന്ന സിരീസ് ഒരുകാലത്ത് തമിഴ്‌നാടിനെ വിറപ്പിച്ച ഗുണ്ടാനേതാവ് ഗൗരി ഷങ്കര്‍ എന്ന ഓട്ടോ ഷങ്കറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്നതാണ്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ പ്രതീക്ഷയുളവാക്കുന്നതാണ്. രംഗ സംവിധാനം ചെയ്യുന്ന സിരീസിന്റെ ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി മനോജ് പരമഹംസയാണ്. മണികണ്ഠനും കെ ജി വെങ്കടേഷും ഛായാഗ്രാഹകരാണ്. മനിജിയാണ് രചന. അരോള്‍ കൊറെല്ലി സംഗീത സംവിധാനം. ആക്ഷന്‍ കൊറിയോഗ്രഫി സ്റ്റണ്ണര്‍ സാം. ഈ മാസം 23ന് പ്രീമിയര്‍ ചെയ്യും.