ടാക്‌സിവാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്. മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ മെയ് 31ന് തീയേറ്ററുകളിലെത്തും. 

വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം 'ഡിയര്‍ കോമ്രേഡി'ന്റെ ടീസര്‍ പുറത്തെത്തി. തെലുങ്കിന് പുറമെ തമിഴ്, കന്നഡ, മലയാളം ഭാഷകളിലുമെത്തുന്ന ചിത്രത്തിന്റെ നാല് ഭാഷകളിലെയും ടീസറുകള്‍ ദേവരകൊണ്ട തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തിറക്കിയത്. 1.07 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ വിദ്യാര്‍ഥി നേതാവായ കഥാപാത്രത്തിന്റെ കലാലയ ജീവിതവും പ്രണയജീവിതവും ചിത്രീകരിച്ചിട്ടുണ്ട്.

2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം 'സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്തുവന്നു. ഡിയര്‍ കോമ്രേഡിന് സിഐഎയുമായി ബന്ധമൊന്നുമില്ലെന്നും തികച്ചും വ്യത്യസ്തമായ പ്രോജക്ട് ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീതം. ടാക്‌സിവാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്. മലയാളമുള്‍പ്പെടെയുള്ള ഭാഷകളില്‍ മെയ് 31ന് തീയേറ്ററുകളിലെത്തും.