മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രം 'ഇക്കയുടെ ശകട'ത്തിന്‍റെ പുതിയ ട്രെയ്‍ലര്‍ പുറത്തെത്തി. വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്താനിരിക്കെയാണ് പുതിയ ട്രെയ്‍ലര്‍. ചിത്രത്തിന്‍റെ ഇന്നലെ പുറത്തെത്തിയ ടീസര്‍ വിവാദത്തിലായിരുന്നു. മമ്മൂട്ടി ആരാധകരുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാലിനെ പരിഹസിക്കുന്ന രംഗങ്ങളുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയ അണിയറപ്രവര്‍ത്തകര്‍ ടീസറിന് ആസ്പമമാക്കിയ രംഗത്തിന്‍റെ ഫുള്‍ ലെങ്ത് വീഡിയോ പുറത്തുവിട്ടിരുന്നു.

അപ്പാനി ശരത്തും ഡിജെ തൊമ്മിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിന്‍സ് അവറാച്ചനാണ്. കോമഡി ഫാന്റസി ത്രില്ലര്‍ ഴോണറിലുള്ള സിനിമയാണെന്നും പരീക്ഷണാടിസ്ഥാനത്തിലുള്ള സിനിമയാണെന്നുമാണ് സംവിധായകന്റെ പക്ഷം. പോപ്പ് സിനിമാസ് നിര്‍മ്മിക്കുന്ന 'ഇക്കയുടെ ശകട'ത്തിന്റെ ഛായാഗ്രഹണം വിദ്യാശങ്കര്‍ ആണ്. എഡിറ്റര്‍ വിഷ്ണു വേണുഗോപാല്‍. ചാള്‍സ് നസരെത്ത് ആണ് സംഗീതം.