മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന 'മധുരരാജ'യുടെ ടീസര്‍ 20ന് എത്തും. സംവിധായകന്‍ വൈശാഖ് ഫേസ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. മൂന്ന് ദിവസത്തിനുള്ളില്‍ പുറത്തുവരുന്ന ടീസര്‍ വീഡിയോ മമ്മൂട്ടി ആരാധകര്‍ക്കായി ഒരുക്കിയിട്ടുള്ളതാണെന്നും വൈശാഖ് അറിയിച്ചു.

പോക്കിരിരാജയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തേ പുറത്തെത്തിയിരുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കി, വന്‍ വിജയമായ പുലിമുരുകന് ശേഷം വൈശാഖിന്റേതായി പുറത്തുവരുന്ന ചിത്രമാണ് മധുരരാജ. 

പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍. ഷാജി കുമാര്‍ ഛായാഗ്രഹണം. ഗോപി സുന്ദര്‍ സംഗീതം. മൂവരും വൈശാഖിനൊപ്പം പുലിമുരുകനിലും സഹകരിച്ചിരുന്നു. നെല്‍സണ്‍ ഐപ്പ് ആണ് നിര്‍മ്മാണം. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ഹിറ്റ് പ്രതീക്ഷകളിലൊന്നാണ് ചിത്രം. വിഷുവിന് തീയേറ്ററുകളിലെത്തും.