ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തിയ ദുല്‍ഖറിന്റെ മലയാളചിത്രമാണ് 'ഒരു യമണ്ടന്‍ പ്രേമകഥ'. ബിബിന്‍ ജോര്‍ജ്ജിന്റെയും വിഷ്ണു ഉണ്ണികൃഷ്ണന്റെയും തിരക്കഥയില്‍ നവാഗതനായ ബി സി നൗഫല്‍ ഒരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ വാരം ചിത്രം 16 കോടി കളക്ഷന്‍ നേടിയെന്നാണ് നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട വിവരം. ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാം ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

ഭക്ഷണപ്രിയനായ നായകന്‍ ലല്ലു(ദുല്‍ഖര്‍)വാണ് ടീസറില്‍. തലേദിവസത്തെ മിച്ചം വന്ന മീന്‍കറിയിലേക്ക് ചോറിട്ട് കുഴച്ച് കഴിച്ച് അഭിപ്രായം പറയുകയാണ് 'ലല്ലു'. തലേദിവസത്തെ മീന്‍കറിയുടെ സ്വാദ്, അത് ഏത് ഹോട്ടലിലെ ഫിഷ് മോളിക്ക് കിട്ടുമെന്ന് ഡയലോഗും പാസ്സാക്കുന്നുണ്ട് കഥാപാത്രം.