വിനയ് ഫോര്‍ട്ട് നായകനായെത്തി തിയറ്ററുകളിൽ നിറഞ്ഞസദസ്സിൽ പ്രദർശനം തുടരുന്ന 'തമാശ'യുടെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. നവാഗതനായ അഷ്റഫ് ഹംസയാണ് തമാശ സംവിധാനം ചെയ്തിരിക്കുന്നത്. ബോഡി ഷെയിമിങ് പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് തമാശ.

സംവിധായകനായ ആഷിഖ് അബു, നിര്‍മ്മാതാവും നടിയുമായ റിമ കല്ലിങ്കല്‍, നടി പാര്‍വതി, നടൻ ജോജു ജോര്‍ജ്ജ്, ഛായാഗ്രഹകന്‍ മധു അമ്പാട്ട്, സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍, സംവിധായകനും നടനുമായ ബേസില്‍ ജോസഫ്, മനീഷ് നാരായൺ, എഴുത്തുകാരൻ ലിജീഷ് കുമാർ തുടങ്ങിയവര്‍ സിനിമയെകുറിച്ച് പറഞ്ഞ വാക്കുകൾ ഉൾപ്പെടുത്തിയാണ് ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിൽ കോളേജ് അധ്യാപകനായാണ് നടൻ വിനയ് ഫോര്‍ട്ട് വേഷമിട്ടിരിക്കുന്നത്. ഹാപ്പി അവേഴ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സമീര്‍ താഹിര്‍, ലിജോ ജോസ് പെല്ലിശ്ശേരി, ഷൈജു ഖാലിദ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സമീര്‍ താഹിറാണ് ഛായാഗ്രഹണം. ദിവ്യ പ്രഭ, നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം, ഗ്രേസ് ആന്റണി, ചിന്നു ചാന്ദിനി എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.