ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയുടെ റോളില്‍ പാര്‍വ്വതി എത്തുന്ന 'ഉയരെ'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. പല്ലവി രവീന്ദ്രന്‍ എന്ന കഥാപാത്രം പാര്‍വ്വതിയുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച ഒന്ന് ആവുമെന്നാണ് കരുതപ്പെടുന്നത്. ആസിഫ് അലി, ടൊവീനോ തോമസ്, പ്രതാപ് പോത്തന്‍, സിദ്ദിഖ് എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. 1.28 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറാണ് പുറത്തെത്തിയിരിക്കുന്നത്.

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോബി-സഞ്ജയ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ അമരക്കാരന്‍ പി വി ഗംഗാധരന്റെ മക്കളായ ഷെംഗ, ഷെര്‍ഗ, ഷെനുഗ എന്നിവര്‍ ചേര്‍ന്ന് എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രമാണ് ഉയരെ. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം. മഹേഷ് നാരായണന്‍ എഡിറ്റിംഗ്. ഗോപി സുന്ദറാണ് സംഗീതം. റഫീഖ് അഹ്മദും ഹരിനാരായണനും വരികള്‍ എഴുതിയിരിക്കുന്നു.