'മുണ്ട് പൊക്കി അധിക്ഷേപിക്കുന്ന പരിപാടി നവാസുദ്ദീന്‍ സിദ്ധിഖി വീണ്ടും ആവര്‍ത്തിച്ചു. ദക്ഷിണേന്ത്യക്കാര്‍ക്ക് എതിരായ വിദ്വേഷ പ്രസംഗമാണിത്. ഈ പ്രൊപ്പഗാണ്ട കൊണ്ട് പണമുണ്ടാക്കാനാണോ നിങ്ങളുടെ ലക്ഷ്യം? വിദ്വേഷം വില്‍ക്കുന്ന പരിപാടി നിര്‍ത്തു,'സിദ്ധാര്‍ത്ഥ് കുറിച്ചു.
മുംബൈ: ബാല്‍ താക്കറെയുടെ ജീവിത പറയുന്ന താക്കറെയുടെ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി നടന്‍ സിദ്ധാര്‍ത്ഥ്. ബോളിവുഡ് താരമായ നവാസുദ്ദീന്‍ സിദ്ദിഖിയാണ് താക്കറെയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടന്‍ സിദ്ദാര്‍ത്ഥ് ട്വിറ്ററിലൂടെയാണ് ചിത്രത്തിനെതിരെ രംഗത്ത് എത്തിയത്.
ചിത്രത്തിന്‍റെ ഹിന്ദി ട്രെയിലറിന് പുറമേ മറാത്തി ട്രെയിലര്‍ എത്തിയതോടെയാണ് വിവാദം കൊഴുക്കുന്നത്. ഹിന്ദി ട്രെയിലര്‍ വലിയ പരാമര്‍ശങ്ങള്‍ ഒന്നുമില്ലെങ്കിലും മറാത്തി ട്രെയിലര്‍ കടുന്ന വിദ്വേഷം ഉണ്ടാക്കുന്ന പരാമര്‍ശങ്ങളുമായാണ് എത്തിയത് എന്നാണ് വിമര്‍ശനം. മറാത്ത വാദവും വിദ്വേഷ പ്രസംഗങ്ങളും ഉയര്‍ന്ന് നില്‍ക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ചില പരാമര്‍ശങ്ങള്‍ ദക്ഷിണേന്ത്യക്ക് എതിരായ വിവേചനത്തിന് വിദ്വേഷം പരത്തുന്ന ചിത്രം പ്രചാരവേലയാണെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റിലൂടെ വ്യക്തമാക്കുന്നത്.
ദക്ഷിണേന്ത്യക്കാരോടോ മുംബൈയെ വളര്‍ത്തുന്ന കുടിയേറ്റക്കാരോടോ ഐക്യപ്പെടാത്ത സന്ദേശമാണ് ട്രെയിലര്‍ നല്‍കുന്നതെന്നും സിദ്ധാര്‍ത്ഥ് കുറ്റപ്പെടുത്തി. ചിത്രത്തെ വിമര്‍ശിച്ചതിന് പിന്നാലെ നായകന്‍ നവാസുദ്ദീന്‍ സിദ്ദിഖിയെയും കടുത്തഭാഷയില്‍ വിമര്‍ശിച്ച് രംഗത്തുവന്നു. യുപിയില്‍ നിന്നുള്ള ഒരു മുസ്ലീം നടന്‍ കൃത്യമായ അജണ്ടയുമായി വരുന്ന മറാത്തി ചിത്രത്തിന്റെ ഭാഗമായി എന്നത് കാവ്യനീതിയാണെന്നും അദ്ദേഹം പരിഹസിച്ചു.
'മുണ്ട് പൊക്കി അധിക്ഷേപിക്കുന്ന പരിപാടി നവാസുദ്ദീന്‍ സിദ്ധിഖി വീണ്ടും ആവര്‍ത്തിച്ചു. ദക്ഷിണേന്ത്യക്കാര്‍ക്ക് എതിരായ വിദ്വേഷ പ്രസംഗമാണിത്. ഈ പ്രൊപ്പഗാണ്ട കൊണ്ട് പണമുണ്ടാക്കാനാണോ നിങ്ങളുടെ ലക്ഷ്യം? വിദ്വേഷം വില്‍ക്കുന്ന പരിപാടി നിര്‍ത്തു,'സിദ്ധാര്‍ത്ഥ് കുറിച്ചു.
അഭിജിത്ത് പന്‍സെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവസേന നേതാവും എംപിയുമായ സഞ്ജയ് റൗത്ത് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. താക്കറെ ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും.
