ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനുള്ള 13 കാരണങ്ങള്‍ പറയുന്ന '13 റീസണ്‍സ് വൈ' എന്ന സീരിയല്‍ ലോകമെങ്ങും ആശങ്ക പടര്‍ത്തുന്നു. യുഎഇയിലെ സ്‌കൂളുകളില്‍ കുട്ടികള്‍ സീരിയല്‍ കാണുന്നത് വിലക്കണമെന്ന് അധ്യാപകര്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സീരിയല്‍ കണ്ട് അമേരിക്കയിലുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണിത്. 

കുട്ടികളില്‍ ആത്മഹത്യാ പ്രവണത വര്‍ധിപ്പിക്കുന്ന ഈ സീരിയല്‍ കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങളിലെ സ്‌കൂളുകളില്‍ നിരോധിച്ചിരുന്നു. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കരുതെന്നാണ് നിര്‍ദ്ദേശം. 

നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്യുന്ന സീരിയലില്‍ ലൈംഗികാതിക്രമം, പീഡനം, ആത്മഹത്യ, വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര്‍ന്നവര്‍ കാണിക്കുന്ന അലംഭാവം തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ആത്മഹത്യ ചെയ്യുന്നത് മഹത്തായ കാര്യമാണ് ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. മനോബലമില്ലാത്ത കുട്ടികള്‍ ഇത് കണ്ടാല്‍ ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മനശാസ്ത്രജ്ഞന്മാര്‍ പറയുന്നു.