കൊച്ചി: മോഹന്‍ലാല്‍ നായകനാവുന്ന 1971 ബിയോണ്ട് ദ ബോര്‍ഡറിന്റെ ഓഡിയോ റിലീസ് നടന്നു. ഓഡിയോ സിഡി സംവിധായകന്‍ ജോഷി മോഹന്‍ലാലിന് നല്‍കിയാണ് ഓഡിയോ റിലീസ് ചെയ്തത്. ഏപ്രില്‍ ഏഴിനാണ് ചിത്രം പുറത്തിറങ്ങുന്നത്.
മോഹന്‍ലാല്‍ വീണ്ടും പട്ടാളവേഷത്തില്‍ എത്തുന്ന ചിത്രമാണ് 1971 ബിയോണ്ട് ദ ബോര്‍ഡര്‍. മേജര്‍ മഹാദേവനായും മകന്‍ സഹദേവനായും പ്രിയതാരം വെള്ളിത്തിരയിലെത്തുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചാണ് കൊച്ചിയില്‍ നടന്നത്. താരസമ്പന്നമായ സദസ്സിനെ സാക്ഷിനിര്‍ത്തി ഓഡിയോ പുറത്തിറക്കി.
മലയാളം, തമിഴ്, ഹിന്ദി പാട്ടുകളാണ് ചിത്രത്തിന്റ ഹൈലേറ്റ്‌സ്. മൂന്നു ഭാഷകളിലുള്ള മൂന്നു പാട്ടുകള്‍ ആണ് പുറത്തിറക്കിയത്. രാഹുല്‍ സുബ്രഹ്മണ്യനും സിദ്ധാര്‍ഥും നജീം അര്‍ഷാദുമാണ് പാട്ടുകളൊരുക്കിയിരിക്കുന്നത്. നജീം ആദ്യമായി സംഗീത സംവിധായകന്റെ കുപ്പായമിടുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മോഹന്‍ലാലിനെക്കൂടാതെ അല്ലു സരീഷ്, രഞ്ജിപണിക്കര്‍ തുടങ്ങി വലിയ താരനിരയാണ് മേജര്‍ രവി സംവിധാനം ചെയ്യുന്ന ബിയോണ്ട് ദ ബോര്‍ഡറിലുള്ളത്.
