ലൈക്കുകളുടെ കാര്യത്തില്‍ ബാഹുബലി 2 ട്രെയ്‍ലര്‍ ഇതുവരെ നേടിയതിനെ ഇതിനകം പിന്നിലാക്കിയിട്ടുണ്ട് 2.0 ടീസര്‍
ഷങ്കറിന്‍റെ രജനി ചിത്രം 2.0യ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് എത്രയെന്നറിയാന്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിന് ലഭിച്ച പ്രതികരണം നോക്കിയാല്‍ മതി. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഇറങ്ങിയ ടീസറിന് യുട്യൂബിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും റെക്കോര്‍ഡ് പ്രതികരണമാണ് ലഭിച്ചത്. പുറത്തിറങ്ങി ആദ്യ 48 മണിക്കൂറുകളില്‍ ഫേസ്ബുക്കില്‍ മാത്രം ലഭിച്ചത് 54 ലക്ഷം കാഴ്ചകള്‍. യുട്യൂബില്‍ 3.7 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 39 ലക്ഷവും കാഴ്ചകള്‍!
എന്നാല്‍ തമിഴ് പതിപ്പിനേക്കാള്‍ പ്രേക്ഷകപ്രീതി ലഭിച്ചത് ഹിന്ദി പതിപ്പിനാണ്. ചെറിയ വ്യത്യാസമല്ല, യുട്യൂബില്‍ തമിഴ് ടീസറിനേക്കാള്‍ ഇരട്ടിയോളം കാഴ്ചകളാണ് ഹിന്ദിയിലുള്ള ടീസറിന് ലഭിച്ചത്. ഫേസ്ബുക്കില്‍ താരതമ്യങ്ങള്‍ക്ക് വഴങ്ങാത്തതാണ് ഈ കണക്കുകള്‍. തമിഴ് ടീസറിന് 5.47 ലക്ഷം കാഴ്ചകള്‍ ഫേസ്ബുക്കില്‍ ലഭിച്ചപ്പോള്‍ ഹിന്ദിയില്‍ ലഭിച്ചത് 48 ലക്ഷം കാഴ്ചകള്‍.

യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്ഫോമുകളിലായി ആകെ ടീസറിന് ലഭിച്ചത് 4.6 കോടി കാഴ്ചകളാണ്. വീഡിയോയ്ക്ക് ലഭിച്ച ലൈക്കുകളില്‍ ബാഹുബലി ഇതുവരെ നേടിയതിനെ ഇതിനകം പിന്നിലാക്കിയിട്ടുണ്ട് 2.0. 13.26 ലക്ഷം ലൈക്കുകളാണ് ബാഹുബലി 2 ട്രെയ്‍ലറിന് ഇതുവരെ ലഭിച്ചതെങ്കില്‍ 2.0 ഇതുവരെ നേടിയത് 13.30 ലക്ഷം ലൈക്കുകളാണ്. ആദ്യ 50 മണിക്കൂറിലാണ് 2.0 ടീസര്‍ ഈ നേട്ടം കൈവരിച്ചത്.
