തിരുവനന്തപുരം: മൂന്നാം ലോകരാജ്യങ്ങളിലെ വൈവിധ്യമാര്‍ന്ന ജീവിതാനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രങ്ങളുമായി ചലച്ചിത്രമേള നാലാം ദിവസത്തിലേക്ക്. റിട്ടേണി, മലീല - ദ ഫെയര്‍വെല്‍ ഫ്‌ളവര്‍, ദ വേള്‍ഡ് ഓഫ് വിച്ച് വീ ഡ്രീം ഡസിന്റ് എക്‌സിസറ്റ്, കട്‌വി ഹവ, കാന്‍ഡിലേറിയ, വാജിബ് എന്നിവയാണ് ഇന്ന് മേളയിലെ മത്സര ചിത്രങ്ങള്‍.
ഇന്‍ഡോനേഷ്യന്‍ സംവിധായകന്‍ ജോകോ അന്‍വറിന്‍റെ ഹൊറര്‍ ചിത്രമായ സാത്താന്‍സ് സ്ലേവ്‌സ് ഇന്ന് നിശാഗന്ധിയില്‍ രാത്രി 10.30 ന് പ്രദര്‍ശിപ്പിക്കും. അമ്മയുടെ ആത്മാവ് കുട്ടികളെ വേട്ടയാടുകയും ജീവനെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് സിനിമയുടെ ഇതിവൃത്തം. മൂത്ത മകളായ റിനിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.
അമ്മയുടെ ഉപദ്രവങ്ങളില്‍ നിന്ന് രക്ഷപ്പെടാനും തങ്ങളില്‍ ഒരാളെയോ എല്ലാവരെയുമോ അമ്മ കൊന്നുകളയാതിരിക്കാനും അവളും സഹോദരങ്ങളും നടത്തുന്ന പ്രയത്‌നങ്ങളാണ് സിനിമയില്‍ ആവിഷ്‌കരിക്കുന്നത്. ഇന്‍ഡോനേഷ്യന്‍ ഹൊറര്‍ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മികച്ച സിനിമയായി ആസ്വാദകരും വിമര്‍ശകരും ഈ സിനിമയെ വിലയിരുത്തുന്നു.
