22 വർഷമായി വിവാഹിതരായ തങ്ങൾ പിരിയുകയാണെന്ന വാർത്തകൾ പലപ്പോഴും വേദനിപ്പിക്കാറുണ്ടെന്ന് നടി ബീന ആന്‍റണി. വിവാഹം കഴിച്ചതുകൊണ്ട് രണ്ടുപേരും ഒരേ സ്വഭാവക്കാരാകണമെന്നില്ലെന്നാണ് മനോജ് കുമാര്‍ അഭിപ്രായപ്പെട്ടത്.

30 വര്‍ഷമായി അഭിനയരംഗത്ത് സജീവമായ താരമാണ് ബീന ആന്റണി. ഭർത്താവും നടനുമായ മനോജ് കുമാറും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇവർ വിവാഹിതരായത്. ഇരുവരും ഒന്നിച്ചു പങ്കുവെയ്ക്കുന്ന പല വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. തങ്ങൾ നിരവധി സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെന്നു പറയുകയാണ് മനോജും ബീനയും. മൂവി വേൾഡ് ഒറിജിനൽസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

''സോഷ്യൽ മീഡിയയിൽ നെഗറ്റീവ് കമന്റുകൾ കാണുമ്പോൾ വേദന തോന്നാറുണ്ട്. സാധാരണ ആർട്ടിസ്‌റ്റുകൾ തമ്മിൽ വിവാഹം ചെയ്‌താൽ പല ബുദ്ധിമുട്ടുകളും ഉണ്ടാവാറുണ്ട്. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് തന്നെ ഇപ്പോൾ ഇരുപത്തിരണ്ട് വർഷമായി. ഇപ്പോൾ സീരിയൽ ഇൻഡസ്ട്രിയിൽ ആയാലും ദാമ്പത്യം മുന്നോട്ടു പോകുന്നത് വളരെ കുറവാണ്. കുട്ടികൾ കല്യാണം കഴിക്കുന്നു, പിന്നെ പിരിയുന്നു. അങ്ങനെയുള്ള സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. ഞങ്ങളുടെ വിവാഹം നടക്കുമ്പോഴും എത്ര കാലം ഇതൊക്കെ കാണാം എന്നൊക്കെ പലരും പറഞ്ഞിരുന്നു. ഞങ്ങൾ പിരിഞ്ഞു എന്നൊക്കെ പറഞ്ഞുകൊണ്ട് എത്രയോ തവണ വാർത്തകൾ വന്നു. ആളുകൾ അതൊക്കെ ഏറ്റെടുക്കും. നമ്മൾ ഒരു പബ്ലിക് പ്രോപ്പർട്ടി ആയിരിക്കും. ഞാൻ ഇതൊക്കെ കേൾക്കുമ്പോൾ പെട്ടെന്ന് നിരാശ തോന്നുന്ന കൂട്ടത്തിലാണ്'', ബീന ആന്റണി പറഞ്ഞു.

കല്യാണം കഴിക്കുന്നത് കൊണ്ട് രണ്ട് വ്യക്തികളും ഒരേ സ്വഭാവക്കാർ ആവണമെന്നില്ല എന്നായിരുന്നു മനോജിന്റെ പ്രതികരണം. ''രണ്ട് കുടുംബങ്ങളിൽ നിന്ന് വന്നവരാണ് ഞങ്ങൾ, രണ്ട് പശ്ചാത്തലത്തിൽ വളർന്ന ആളുകളാണ്. എന്റെ സ്വഭാവം തന്നെ എന്റെ ഭാര്യക്കും വരണമെന്ന് എനിക്ക് വാശിപിടിക്കാൻ കഴിയില്ല'', എന്നും മനോജ് പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്