പറയുന്നത് ചരമപേജിന്റെ കഥയാണ്. അത് ചെയ്യുന്ന എഡിറ്ററുടെ കഥയും. അധികമാരും ശ്രദ്ധിക്കാതെ പോവുന്ന ആ കഥകളെ ഉള്ളു തൊടുന്ന അനുഭവമാക്കി മാറ്റുകയാണ് തന്‍സീര്‍ എസ് സംവിധാനം ചെയ്ത 'എട്ടാം പേജ്' എന്ന ഹ്രസ്വചിത്രം. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ഷംസുദ്ദീന്‍ കുട്ടോത്ത് തിരക്കഥയെഴുതിയ ഈ ചിത്രം ഇപ്പോഴിതാ യൂ ട്യൂബിലെത്തിയിരിക്കുന്നു.  തിരുവനന്തപുരത്ത് നടന്ന ഒമ്പതാമത് രാജ്യാന്തര ഷോര്‍ട് ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  

 

ഈ ചിത്രം ഇപ്പോഴിതാ യൂ ട്യൂബിലെത്തിയിരിക്കുന്നു

ചരമപേജ് എഡിറ്ററുടെ ജീവിതം
വര്‍ഷങ്ങളായി ചരമ പേജ് ചെയ്യേണ്ടി വന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ ജീവിതമാണീ ചിത്രം. നായകന്‍, അയാളുടെ സ്വപ്‌നങ്ങളും പ്രതീക്ഷകളുമെല്ലാം മരണം തളംകെട്ടിയ എട്ടാം പേജിലെ കറുത്ത അക്ഷരങ്ങളില്‍ നിശ്ചലമാകുന്നു.  ഒരു പത്രത്തിലെ മറ്റു താളുകളില്‍ നിന്നും എട്ടാം പേജിനെ (ചരമ പേജിനെ) വ്യത്യസ്തമാക്കുന്നത് ആ പേജിന്റെ തണുത്തുറഞ്ഞ മൗനമാണ്. പത്രത്തിന്റെ ഒന്നാം പേജ് മുതല്‍ അവസാന പേജുവരെയുള്ള എല്ലാ വാര്‍ത്തകളും ചലനാത്മകമാണ്. സംഭവങ്ങളായും പ്രസതാവനകളായും പ്രസംഗങ്ങളായും വിവിധ തരത്തിലുള്ള 'സ്‌റ്റോറി'കളായും അവ വായനക്കാരനുമായി സംവദിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ചരമപേജിലെ അക്ഷരങ്ങള്‍  വായനക്കാരനും ആ പേജ് ചെയ്യാന്‍ വിധിക്കപ്പെട്ട പത്രപ്രവര്‍ത്തകനും നല്‍കുന്നത് ദീര്‍ഘമായ നിശ്വാസം മാത്രമാണ്.

ഒരു മരണ വാര്‍ത്തയില്‍ പേരും വയസ്സും മേല്‍വിലാസവും മാത്രമേ വേണ്ടൂ എന്ന് ചിത്രത്തിലെ നായകന്‍ പറയുന്നുണ്ട്.  പറയാന്‍ കൊള്ളാവുന്ന ജോലി ചെയ്തിട്ടുണ്ടെങ്കില്‍ ബ്രാക്കറ്റില്‍ അതു കൂടി ചേര്‍ത്താല്‍ ഒരു മനുഷ്യന്‍ ജീവിച്ചു തീര്‍ത്ത ജീവിതത്തിനടിയില്‍ ഫുള്‍സ്‌റ്റോപ്പിടാന്‍ ചരമപേജ് എഡിറ്റര്‍ക്ക് കഴിയും. 

തന്‍സീര്‍ എസ് , ഷംസുദ്ദീന്‍ കുട്ടോത്ത്

'എട്ടാംപേജ്' എന്ന ചിത്രം മരിച്ചവരെകുറിച്ചുള്ള സിനിമയല്ല,

മരിച്ചുജീവിക്കുന്നവര്‍
നിരന്തരം ചരമപേജ് ചെയ്ത് മടുക്കുന്ന പത്രപ്രവര്‍ത്തകനോട് മരണത്തിലെ വ്യത്യസ്തതകളെകുറിച്ച് ചിന്തിക്കാന്‍ ന്യൂസ് എഡിറ്റര്‍ പറയുന്നു. കൊലപാതകം, ബലാത്സംഗം, അപകടമരണം...തുടങ്ങി മരണത്തിലെ വ്യത്യസ്തത കഥാനായകനെ ഓര്‍മ്മിപ്പിച്ച് ഇതൊരു ജോലി മാത്രമാണെന്ന് ഭീഷണിയുടെ സ്വരത്തില്‍ അയാള്‍ ഓര്‍മ്മപ്പെടുത്തുന്നു.

'മരണമെഴുത്തിലെ ക്രിയേറ്റിവിറ്റി'യെകുറിച്ച് പറഞ്ഞ് അയാള്‍ പത്രപ്രവര്‍ത്തകനെ ഉത്തേജിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ആത്മസംഘര്‍ഷങ്ങളുടെ തടവറയില്‍ പെടുകയാണ് കഥാനായകന്‍. 'എട്ടാംപേജ്' എന്ന ചിത്രം മരിച്ചവരെകുറിച്ചുള്ള സിനിമയല്ല, മറിച്ച് മരിച്ചുജീവിക്കുന്ന മനസ്സുകളുടെ പകര്‍ത്തിയെഴുത്ത്കൂടിയാണ്. 

വിനയ് ഫോര്‍ട് എന്ന നടന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിലേത്

പ്രതിഭാധനനനായ സംവിധായകന്‍
തന്‍സീര്‍ എന്ന സംവിധായകന്റെ പ്രതിഭ ഈ ചിത്രത്തെ മറ്റൊരു തലത്തിലേക്കുയര്‍ത്തുന്നു. കണ്ടു ശീലിച്ച പരമ്പരാഗത ശൈലി വിട്ട് ഹൃസ്വചിത്രത്തിന്റെ സാധ്യത കാണിച്ചു തരാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. കമല്‍, അനില്‍ രാധാകൃഷ്ണ മേനോന്‍ തുടങ്ങിയ പ്രമുഖ ചലച്ചിത്ര സംവിധായകരുടെ ഒപ്പം സംവിധാന സഹായിയായി  ജോലി ചെയ്തിട്ടുള്ള തന്‍സീര്‍ ആദ്യമായി  സ്വതന്ത്രമായി സംവിധാനം ചെയ്ത ചിത്രമാണിത്. പ്രതിഭാധനനായ ഒരു സംവിധായകന്റെ കൈയ്യൊപ്പ് ഈ സിനിമയില്‍ കാണാം. 'വിഷയത്തിന്റെ വ്യത്യസ്തതയാണ് എന്നെ ഈ ചിത്രം ചെയ്യാന്‍ പ്രേരിപ്പിച്ചത്. എല്ലാവരും പിന്തുടരുന്ന വഴികളില്‍ നിന്നും മാറിനടക്കണമെന്നും ആഗ്രഹിച്ചു. ദിവസവും നൂറുക്കണക്കിനു ഹൃസ്വചിത്രങ്ങള്‍ യുട്യൂബില്‍ റിലീസാകുന്നുണ്ട്. അതില്‍ ചിലര്‍ ഗൗരവത്തോടെതന്നെ ചിത്രങ്ങളെടുക്കുന്നുമുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള സാധ്യതയുള്ളതിനാല്‍ ചിലരെങ്കിലും തമാശയായി സിനിമയെടുത്ത് യുട്യൂബില്‍ ഇടുന്നു. ഇങ്ങനെയുള്ള സിനിമകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടരുത് എന്റെ സിനിമ എന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു' തന്‍സീര്‍ പറയുന്നു. 

വിനയ് ഫോര്‍ട് എന്ന നടന്റെ അഭിനയ ജീവിതത്തിലെ മികച്ച പ്രകടനം തന്നെയാണ് ഈ ചിത്രത്തിലേത്. എം.ആര്‍ ഗോപകുമാര്‍, പ്രൊഫ. അലിയാര്‍, സേതുലക്ഷ്മി, കൃഷ്ണന്‍ ബാലകൃഷ്ണന്‍ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിനിമാ പാരഡീസോയുടെ ബാനറില്‍ സൂര്യസുധാ ഭാസ്‌കറാണ് ചിത്രം നിര്‍മ്മിച്ചത്. ക്യാമറ: നൗഷാദ് ഷെറീഫ്, രാകേഷ് രാമകൃഷ്ണന്‍്. സംഗീതം: യാക്‌സന്‍ ഗ്യാരി പെരേര. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈനിങ് നിര്‍വഹിച്ചത്.