സിനിമ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാര സ്വന്തമാക്കുന്ന ആദ്യ മലയാള നടനാണ് മോഹൻലാൽ. സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണനും പുരസ്കാരം സ്വന്തമാക്കിയിരുന്നു.
ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരത്തിനർഹനായ മോഹൻലാലിനെ അഭിനന്ദിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു രാം ഗോപാൽ വർമ്മ മോഹൻലാലിന്റെ നേട്ടത്തെ അഭിനന്ദിച്ചത്. തനിക്ക് ദാദാ സാഹേബ് ഫാൽക്കെയെ അറിയില്ലെന്നും അദ്ദേഹം ചെയ്ത സിനിമ കണ്ട ആരെയും തനിക്ക് കണ്ടുമുട്ടാൻ കഴിഞ്ഞിട്ടില്ലെന്നും പക്ഷെ മോഹൻലാലിനെ താൻ കണ്ടിട്ടും അറിഞ്ഞിട്ടുമുണ്ടെന്നാണ് തമാശ രൂപേണ രാം ഗോപാൽ വർമ്മ കുറിച്ചത്. അതുകൊണ്ട് തന്നെ ദാദാ സാഹേബ് ഫാൽക്കെയ്ക്ക് ഒരു മോഹൻലാൽ അവാർഡ് കൊടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"എനിക്ക് ദാദാ സാഹേബ് ഫാല്‍ക്കേയെ കുറിച്ച് കാര്യമായി അറിയില്ല. അദ്ദേഹമാണ് ആദ്യമായി സിനിമ എടുത്തതെന്ന് അറിയാം. പക്ഷെ ആ സിനിമ ഞാൻ കണ്ടിട്ടില്ല. ആ സിനിമ കണ്ട ആരെയും എനിക്ക് കണ്ടുമുട്ടാനുമായില്ല. പക്ഷെ, മോഹന്‍ലാലിനെ ഞാന്‍ കണ്ടിട്ടും അറിഞ്ഞിട്ടും ഉണ്ട്. അതുവെച്ച് നോക്കുമ്പോള്‍ ദാദാ സാഹേബ് ഫാല്‍ക്കേയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്." രാം ഗോപാൽ വർമ്മ കുറിച്ചു.
അതേസമയം സിനിമ- സാംസ്കാരിക രംഗത്തെ നിരവധി പേരാണ് മോഹൻലാലിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാര സ്വന്തമാക്കുന്ന ആദ്യ മലയാള നടനാണ് മോഹൻലാൽ. നേരത്തെ സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണനും പുരസ്കാരം സ്വന്തമാക്കിയിരുന്നു.
ഫാൽക്കേ പുരസ്കാര തിളക്കത്തിനിടെ മോഹൻലാൽ ഇന്ന് കൊച്ചിയിൽ എത്തി. വലിയ സന്തോഷമുണ്ടെന്നും പ്രേക്ഷകർക്കും ദൈവത്തിനും നന്ദിയെന്നും ആണ് മോഹൻലാലിന്റെ പ്രതികരണം. പുരസ്കാരവാര്‍ത്ത അറിഞ്ഞപ്പോള്‍ ചെന്നൈയിലായിരുന്ന മോഹൻലാൽ ഇന്ന് രാവിലെയാണ് കൊച്ചിയിലെത്തിയത്. പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നുവെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. ‘എന്നെ ഞാൻ ആക്കിയത് മലയാളി പ്രേക്ഷകരാണ്. മലയാളം സിനിമയ്ക്ക് ലഭിച്ച അംഗീകാരമാണ്.’ ഇനിയും മലയാളത്തിൽ ഒരുപാട് നേട്ടങ്ങൾ ഉണ്ടാകണമെന്നും മോഹൻലാൽ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം ലഭിച്ച പ്രിയ മോഹൻലാലിന് അഭിനനന്ദനങ്ങൾ നേരുന്നു. മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്. അഭിവാദ്യങ്ങൾ!
പുരസ്കാരം ഈ മാസം 23ന് സമ്മാനിക്കും
2023ലെ പരമോന്നത പുരസ്ക്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേതെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബർ 23ന് (ചൊവ്വ) നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ഫാല്‍ക്കേ പുരസ്കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്കാരം ലഭിച്ചു.



