കൊച്ചി: മലയാളം കാത്തിരിക്കുന്ന ചിത്രമാണ് പ്രണവ് മോഹന്‍‌ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദി. ഹിറ്റ് സംവിധായകന്‍ ജിത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തില്‍ മികച്ച ആക്ഷന്‍ രംഗങ്ങള്‍ ഉണ്ട്. ഡ്യൂപ്പില്ലാതെയാണ് ഈ രംഗങ്ങള്‍ പ്രണവ് ചെയ്തതെന്നാണ് ജിത്തുജോസഫ് പറയുന്നത്. മോഹന്‍ലാല്‍ ഡ്യൂപ്പിനെ വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും പ്രണവ് കേട്ടില്ല എന്നാണ് ജിത്തു പറയുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജിത്തു ഇതുപറയുന്നത്.

പാർക്കൗർ എന്ന ആക്‌ഷൻ രീതിയാണ് ഇൗ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ അതു മാത്രമല്ല ഈ സിനിമ. ഹോളിവുഡ് സിനിമകളിലൊക്കെ ഉപയോഗിച്ചിരിക്കുന്ന ഇൗ ആക്‌ഷൻ രീതി ആദിയിലും ഉണ്ടെന്നു മാത്രം. ഫ്രാൻസിൽ നിന്നുള്ള പ്രത്യേക സംഘമാണ് ഇത് അപ്പുവിനെ പരീശീലിപ്പിച്ചത്. മികച്ച രീതിയിൽ അപ്പു ഇത് അവതരിപ്പിക്കുകയും ചെയ്തു. സ്വന്തം സിനിമകളിൽ ഡ്യൂപ്പിനെ പരമാവധി ഒഴിവാക്കുന്നയാളാണ് മോഹൻലാൽ. 

എന്നാൽ ആദിയിൽ ഡ്യൂപ്പിനെ വയ്ക്കണം എന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ പ്രണവ് അതിനോട് യോജിച്ചിരുന്നില്ല. ഡ്യൂപ്പില്ലാതെ അഭിനയിക്കാനായിരുന്നു അപ്പുവിന് ആഗ്രഹം. ഫ്രാൻസിൽ നിന്നുള്ള സംഘത്തിനൊപ്പം ഒരു ഡ്യൂപ്പുമുണ്ടായിരുന്നു. പക്ഷേ ഒരൊറ്റ രംഗത്തിലൊഴികെ ബാക്കി എല്ലാ രംഗങ്ങളിലും അപ്പു ഡ്യൂപ്പില്ലാതെയാണ് അഭിനയിച്ചത്. 

വലിയ രണ്ടു ചാട്ടങ്ങൾ അപ്പു വളരെ തന്മയത്വത്തോടെ ചെയ്തു. ഡ്യൂപ്പിനെ ഉപയോഗിച്ചതു പോലും താരതമ്യേന എളുപ്പമുള്ള രംഗത്തിലായിരുന്നു. അപകടം പിടിച്ച രംഗങ്ങൾ അപ്പു അനായാസം കൈകാര്യം ചെയ്തു.