ദില്ലി: ഡിസംബര്‍ 23നാണ് ആമീര്‍ഖാന്‍ നായകനാകുന്ന ദങ്കല്‍ തിയറ്ററുകളില്‍ എത്തുന്നത്. ഗുസ്തി താരങ്ങളായ ഗീത ഭോഗട്ടിന്‍റെയും ബബിത കുമാരിയുടേയും അവരുടെ പിതാവായ മഹാവീര്‍ ഭോഗട്ടിന്‍റെയും കഥയാണ് ദങ്കല്‍. ചിത്രത്തിന്റെ ട്രെയിലറുകളും ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി കഴിഞ്ഞു.

70 കോടി മുതല്‍ മുടക്കില്‍ എടുത്ത ചിത്രം 75 കോടി സ്വന്തമാക്കി കഴിഞ്ഞു. ചിത്രത്തിന്‍റെ സാറ്റലൈറ്റ് അവകാശം 7 കോടി രൂപയ്ക്കാണ് വിറ്റു പോയത്. അമീറും ഡിസ്‌നിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എന്നാല്‍ 70 ശതമാനം ഷെയറുകളും അമീറിനാണ്. റിലീസ് ദിവസം തന്നെ ചിത്രം 24 കോടി നേടുമെന്നാണ് കണക്കുകള്‍. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ ചിത്രത്തെ ടാക്സ് ഫ്രീയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ വിതരണകരാറുകളും നല്‍കിയതോടെയാണ് ദങ്കല്‍ ലാഭം നേടിയത്.

സിനിമയുടെ ഒരു സീനിലും സെന്‍സര്‍ ബോര്‍ഡ് കത്തി വെച്ചിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത. ചിത്രത്തിനായി രണ്ട് ഗെറ്റപ്പുകളിലെത്തുന്ന അമീറിന്‍റെ വീഡിയോയും വന്‍ ഹിറ്റായിരുന്നു. ഫാത്തിമ ഷെയ്ക്ക്, സാന്യ മല്‍ഹോത്ര എന്നിവരാണ് ചിത്രത്തില്‍ ഗീതയേയും ബബിതയേയും അവതരിപ്പിക്കുന്നത്.