മുംബൈ: കൈയ്യിലൊരു തിരക്കഥയുണ്ടോ. ഉണ്ടെങ്കില്‍ ബോളിവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാൻ നിങ്ങളുടെ കഥകേൾക്കാൻ റെഡിയാണ്. ഇഷ്ടപ്പെട്ടാൽ കൈ നിറയെ പണവും തരും. പണം തരിക മാത്രമല്ല സിനിമ നിർമിക്കുകയും ചെയ്യും. രാജ്യമൊട്ടാകെയുള്ള ആളുകളിൽനിന്നും തിരക്കഥകൾ ക്ഷണിച്ചിരിക്കുകയാണ് ആമിര്‍ ഖാൻ. മികച്ച അഞ്ച് തിരക്കഥകൾക്കാണ് പ്രതിഫലം നൽകുക.

എറ്റവും മികച്ച തിരക്കഥയ്ക്ക് 25 ലക്ഷം. രണ്ടാമതെത്തുന്ന ആൾക്ക് 10 ലക്ഷം. മൂന്നും നാലും അഞ്ചും സ്ഥാനത്തിന് ഏഴ് ലക്ഷം, നാല് ലക്ഷം, മൂന്ന് ലക്ഷം എന്നിങ്ങനെയാണ് സമ്മാനം. സിനിസ്ഥാൻ എന്ന സ്ഥാപനമാണ് തുക സ്പോൺസർ ചെയ്യുന്നത്. ഈ അ‍‌ഞ്ച് തിരക്കഥകളും സിനിമയാക്കാൻ വേണ്ട സഹായങ്ങളും ആമിർ ഖാൻ ചെയ്യും. ആമിറിനൊപ്പം രാജ്കുമാർ ഹിറാനി, ജൂഹി ചതുർവേദി, അർജുൻ രാജബലി എന്നിവരാണ് തിരക്കഥകൾ തെരഞ്ഞെടുക്കുന്ന ജൂറി.

സിനിമാ മേഖലയുമായി ബന്ധമില്ലാത്ത നല്ല എഴുത്തുകാർ നമ്മുടെ രാജ്യത്ത് ഒരുപാടുണ്ട്. അവർക്കുള്ള മികച്ച അവസരമാണിതെന്ന് ആമിർ പറഞ്ഞു. അടുത്ത വർഷം ജനുവരി പതിനഞ്ചുവരെ തിരക്കഥകൾ അയക്കാം. മാസങ്ങൾക്കകം മികച്ച തിരക്കഥകൾ തിരഞ്ഞെടുത്ത് പ്രഖ്യാപനം നടത്തുമെന്ന് ജൂറി ചെയർമാൻ രാജ് കുമാർ ഹിറാനി വ്യക്തമാക്കി. നല്ല തിരക്കഥകൾ കണ്ടെത്തി അഭിനയിക്കുന്നതാണ് ആമിറിന്‍റെ വിജയരഹസ്യം. തിരക്കഥാകൃത്തുക്കളെ കണ്ടെത്താനുള്ള ഈ മത്സരവാർത്തകേട്ട് സിനിമാലോകം വലിയ ആവേശത്തിലാണ്.