പ്രേക്ഷകര്‍ സിനിമ കാണാനെത്തുന്നത് എന്‍റെ പേരിലാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ ഉത്തരവാദിത്തവും തനിക്കാണ്. താനത് ഏറ്റെടുക്കുന്നു.

മുംബൈ: പ്രേക്ഷകര്‍ക്ക് സിനിമയെ നിര്‍ദ്ദയമായി വിമര്‍ശിക്കാമെന്നും തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ പരായജയപ്പെട്ടതോടെ പ്രേക്ഷകര്‍ക്ക് അവരുടെ ഇച്ഛാഭംഗം പ്രകടിപ്പിക്കാന്‍ ഒരു അവസരം ലഭിച്ചെന്നും നടന്‍ ആമിര്‍ ഖാന്‍. അമിതാഭ് ബച്ചന്‍, കത്രീന കെയ്ഫ്, ഫാത്തിമ സനാ ഷെയ്ഖ് എന്നിവരടങ്ങിയ വമ്പന്‍ താരനിരയുമായായിരുന്നു കഴിഞ്ഞവര്‍ഷം ദീപാവലിക്ക് തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ പുറത്തിറങ്ങിയത്. എന്നാല്‍ ചിത്രം തിയേറ്ററില്‍ വന്‍ പരാജയമായിരുന്നു.

സംവിധായകനെ കുറ്റപ്പെടുത്താതെ ചിത്രത്തിന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്തവും ആമിര്‍ ഏറ്റെടുത്തു. സിനിമ നിര്‍മ്മിക്കുക എന്നത് ബുദ്ധിമുട്ട് നിറഞ്ഞ ജോലിയാണ്. നല്ല സിനിമകളുണ്ടാക്കാനാണ് എല്ലാവരും ലക്ഷ്യമിടുന്നത്. എന്നാല്‍ ചിലപ്പോളത് സംഭവിക്കില്ല. സംവിധായകരില്‍ ഞാന്‍ വിശ്വസിക്കുന്നു. സംവിധായകന് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ തനിക്കും അത് പറ്റിയെന്നാണ് അര്‍ത്ഥം. 

തെറ്റുകളില്‍ നിന്ന് പഠിക്കും. തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍റെ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. പ്രേക്ഷകര്‍ സിനിമ കാണാനെത്തുന്നത് എന്‍റെ പേരിലാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന്‍റെ ഉത്തരവാദിത്തവും തനിക്കാണ്. താനത് ഏറ്റെടുക്കുന്നതായും ആമിര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പരാജയമുണ്ടാകുന്നത്. പ്രേക്ഷകര്‍ക്ക് അവരുടെ ദേഷ്യം പുറത്തെടുക്കാന്‍ ഒരു അവസരം ലഭിച്ചെന്നും അത് നല്ലതുമാണെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.