ഐശ്വര്യ റായിയുമായി അകൽച്ചയിലാണെന്ന് വാർത്ത നൽകിയ വെബ്‍പോർട്ടലിനെയാണ് ജൂനിയർ ബച്ചൻ കണക്കിന് വിമർശിച്ചത്.

ബോളിവുഡ് പാപ്പരാസികൾക്ക് വീണ്ടും ചുട്ട മറുപടി നൽകി അഭിഷേക് ബച്ചൻ. ഐശ്വര്യ റായിയുമായി അകൽച്ചയിലാണെന്ന് വാർത്ത നൽകിയ വെബ്‍പോർട്ടലിനെയാണ് ജൂനിയർ ബച്ചൻ കണക്കിന് വിമർശിച്ചത്.

കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ താര കുടുംബത്തിന്‍റെ ദൃശ്യങ്ങളുപയോഗിച്ചായിരുന്നു വാർത്ത. അച്ഛൻ ആവശ്യപ്പെട്ടിട്ടും കൈപിടിച്ച് നടക്കാൻ ആരാധ്യ കൂട്ടാക്കിയില്ല. തുടർന്ന്, ഐശ്വര്യക്കും മകൾ ആരാധ്യക്കും ഒപ്പം നടക്കാതെ, അൽപ്പം വിട്ട് നിൽക്കുന്ന അഭിഷേക്. മകളെ ചേർത്ത് പിടിച്ച് മാറി നടക്കുന്ന ഐശ്വര്യ.

ഇത്രയും വച്ച് കുടുംബത്തിൽ വിള്ളലുണ്ടെന്നും ദമ്പതികൾ രണ്ട് തട്ടിലാണെന്നുമൊക്കെ പറഞ്ഞ് ഇന്ത്യ ഫോറംസ് എന്ന് വെബ്സൈറ്റിനെതിരെയാണ് ജൂനിയർ ബച്ചൻ രോഷാകുലനായത്. ഇത്തരം വ്യാജ വാർത്തകൾ നൽകാതിരിക്കുക. നിരന്തരം വാർത്തകൾ നൽകേണ്ട ആവശ്യം നിങ്ങൾക്കുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷെ, അത് സത്യസന്ധമായും നീതിയുക്തമായും ചെയ്യുക. ഇതായിരുന്നു അഭിഷേകിന്‍റെ ട്വീറ്റ്. ജൂനിയർ ബച്ചന്‍റെ രോഷത്തിന് മുൻപും ബോളിവുഡ് പാപ്പരാസികൾ ഇരയായിട്ടുണ്ട്. അച്ഛനമ്മമാർക്കൊപ്പം താമസിക്കുന്നതിനെ വിമർശിച്ചവർക്കും, മകളെ സ്കൂളിൽ വിടാറില്ലേ എന്ന് ചോദിച്ചവർക്കുമൊക്കെ അഭിഷേക് കണക്കിന് മറുപടി കൊടുത്തിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ ഇന്ത്യ ഫോറംസ് വാർത്ത പിൻവലിച്ചു.